പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‍കാരം
മികവില്‍ 12 പച്ചത്തുരുത്തുകള്‍

പച്ചത്തുരുത്തുകളിലൊന്നായി തെരഞ്ഞെടുത്ത കാഞ്ഞാറിലെ ഹരിയ ഇടനാഴി
തൊടുപുഴ
ജില്ലയിലെ മികച്ച 12 ഹരിതകേരളം പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം. തദ്ദേശഭരണ സ്ഥാപനങ്ങള്‍, ഹരിതസ്ഥാപനങ്ങള്‍, ഹരിത കോളേജുകള്‍(കലാലയങ്ങള്‍), ഹരിത വിദ്യാലയങ്ങള്‍ എന്നീ വിഭാഗത്തില്‍നിന്നും ജില്ലാതല സ്‌ക്രീനിങ് കമ്മിറ്റി തെരഞ്ഞെടുത്ത പച്ചത്തുരുത്തുകള്‍ക്കാണ് പുരസ്‌കാരം. മികച്ച ഹരിത സ്ഥാപനത്തിന്റെ പച്ചത്തുരുത്തിനുള്ള പുരസ്‌കാരം മുട്ടത്തെ ജില്ലാ കോടതിക്കാണ്. സഹ്യദര്‍ശിനി(നെടുങ്കണ്ടം പഞ്ചായത്ത്), കാഞ്ഞാര്‍(വെള്ളിയാമറ്റം), അമൃതവാടി(അറക്കുളം), പുഴയോരം കൈപ്പ(കുടയത്തൂര്‍), കൊച്ചുതോവാള അങ്കണവാടി(കട്ടപ്പന മുനിസിപ്പാലിറ്റി) എന്നിവയാണ് മികച്ച തദ്ദേശ സ്ഥാപന പച്ചത്തുരുത്തുകള്‍. തൊടുപുഴ ന്യൂമാന്‍ കോളേജ്, മുരിക്കാശ്ശേരി പാവനാത്മ കോളേജ്, നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയാണ് മികച്ച കലാലയ പച്ചത്തുരുത്തുകള്‍. മുണ്ടിയെരുമ ഗവ. എച്ച്എസ്എസ്, ചിത്തിരപുരം ഗവ. എച്ച്എസ്, കൊന്നത്തടി ഗവ. എല്‍പിഎസ് എന്നീ ഹരിത വിദ്യാലയ പച്ചത്തുരുത്തുകള്‍ക്കും മികവിനുള്ള അംഗീകരം ലഭിച്ചു. ചൊവ്വ വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ തീയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ജില്ലയിലാകെ 109 പച്ചത്തുരുത്തുകളാണുള്ളത്. ഫലവൃക്ഷങ്ങളും മറ്റും നട്ട് സ്വാഭാവിക ചെറുവനങ്ങള്‍ രൂപപ്പെടുത്തുകയാണ് ഹരിതകേരളം പച്ചത്തുരുത്ത് പദ്ധതി. 2019ല്‍ ആരംഭിച്ച പദ്ധതിയിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 43ഏക്കര്‍ ഭൂമിയിലാണ് പച്ചത്തുരുത്തുള്ളതെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. അജയ് പി കൃഷ്ണ പറഞ്ഞു.









0 comments