ഇതാ കമ്പത്ത് ഗാന്ധിക്ഷേത്രത്തിലും 
ജയന്തിയാഘോഷം വർണാഭം

ഗാന്ധി ക്ഷേത്രത്തിലെ ഗാന്ധിജയന്തി

ഗാന്ധി ക്ഷേത്രത്തിലെ ഗാന്ധിജയന്തി ആഘോഷം

avatar
കെ എ അബ്‌ദുൾ റസാഖ്‌

Published on Oct 03, 2025, 12:15 AM | 1 min read

കുമളി

കമ്പത്തെ ഗാന്ധി ക്ഷേത്രത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ആരാധനകളും ആഘോഷവും. 156-ാമത് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചാണ് തേനി ജില്ലയിലെ കാമായഗൗണ്ടൻപട്ടിയിലെ ഗാന്ധിക്ഷേത്രത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. തേനി ജില്ലയിലെ കമ്പത്തിനടുത്ത കാമയഗൗണ്ടൻപട്ടി നിരവധി സ്വാതന്ത്ര്യ സമരസേനാനികളുടെ മാതൃക ഗ്രാമം കൂടിയാണ്. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ മഹാത്മാഗാന്ധി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്‌ത കൂട്ടത്തിൽ തമിഴ്‌നാട്ടിലുമെത്തി. സ്വാതന്ത്ര്യത്തിനായുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനായി വിവിധ അഹിംസാ പ്രതിഷേധങ്ങളും ഉയർന്നു. തമിഴ്‌നാട്ടിലെത്തിയ ഗാന്ധിജി തേനി ജില്ലയിലെ കാമായഗൗണ്ടൻപട്ടിയിലാണ് സ്വാതന്ത്ര്യസമരം നടത്തിയത്. പിന്നീട്, ഗാന്ധിജിയുടെ മരണശേഷം, സ്വാതന്ത്ര്യസമര സേനാനികൾ ചിതാഭസ്മം കൊണ്ടുവന്ന് ഗാന്ധിക്ഷേത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു. ഇവിടെ നിന്ന് ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത് ഗാന്ധിജിയുടെ ചിതാഭസ്മം സമീപത്തെ സുരുളി വെള്ളച്ചാട്ടത്തിൽ നിമഞ്ജനം ചെയ്തു. ഇതിന്റെ സ്മരണയ്ക്കായി ഗ്രാമവാസികൾ ഒരു ക്ഷേത്രം പണിയാൻ തീരുമാനിച്ചു. സ്വാതന്ത്ര്യസമര സേനാനിയും മുൻ എംഎൽഎയുമായ പാണ്ഡ്യരാജിന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും സഹായത്തോടെയാണ് ഗാന്ധിക്ഷേത്രവും ഗാന്ധിജിയുടെ വെങ്കല പ്രതിമയും സ്ഥാപിച്ചത്. ആറുമാസം കൊണ്ട് പൂർത്തീകരിച്ച ക്ഷേത്രം അന്നത്തെ ഉപരാഷ്ട്രപതി ആർ വെങ്കിട്ടരാമനാണ് 1985 ഡിസംബർ 29ന് ഉദ്ഘാടനം ചെയ്തത്. അന്നുമുതൽ 40 വർഷമായി ഗ്രാമീണർ ക്ഷേത്രത്തിൽ ഗാന്ധിയെ ആരാധിക്കുന്നു. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി, ദേശീയ നേതാക്കളുടെ ജന്മദിനം എന്നീ ദിവസങ്ങളിലെല്ലാം ഗാന്ധിക്ഷേത്രം ദീപങ്ങൾകൊണ്ട് അലങ്കരിച്ച്‌ വർണാഭമാക്കും. മഹാത്മാഗാന്ധിയുടെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച നാട്ടുകാരും സ്വാതന്ത്ര്യ സമരസേനാനികളുടെ പിൻ തലമുറയിൽപ്പെട്ടവരും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിച്ചു. ഇതോടൊപ്പം വിളക്കുകളും തെളിച്ചു. പ്രത്യേക പൂജകളും നടത്തി. മുൻ എംപി ശക്തിവാദിവേൽ ഗൗഡർ, കൃഷ്ണസാമി ഗൗഡർ, സമന്തി ആശാരി, കുന്തിലരാമ സ്വാമി നായക്, വീരച്ചാമി നായിഡു, സുബ്രഹ്മണ്യപ്പിള്ള, സുരുളിയാണ്ടി ആശാരി, പളനിവേൽ കൗണ്ടർ, മുൻ എംഎൽഎ പാണ്ഡ്യരാജ് ഉൾപ്പെടെ 80ൽപരം സ്വാതന്ത്ര്യ സമര സേനാനികളെ ഈ ഗ്രാമം രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home