പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസ് അനുവദിക്കണം: എഫ്എസ്ഇടിഒ

തൊടുപുഴ സിവിൽ സ്റ്റേഷനിൽ നടന്നയോഗം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ
മുഴുവൻ ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ ജില്ലാ–താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും യോഗവും നടത്തി. ബോണസ് അർഹത പരിധി എടുത്തുകളയണമെന്ന ആവശ്യം ദീർഘകാലമായി ഉന്നയിക്കുന്നുണ്ടെങ്കിലും അംഗീകരിക്കപ്പെടാറില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിലുള്ളപ്പോഴെല്ലാം അർഹതാപരിധി ഉയർത്താനും ബോണസും ഉത്സവബത്തയും ഫെസ്റ്റിവൽ അഡ്വാൻസും കാലാനുസൃതമായി വർധിപ്പിക്കാനും തയ്യാറായിട്ടുണ്ട്. യുഡിഎഫ് ഭരണനാളുകളിൽ അർഹതാ പരിധി ഉയർത്തുകയോ തുക ഉയർത്തുകയോ ചെയ്യാതെ ആനുകൂല്യം നിഷേധിക്കുകയായിരുന്നു. ബോണസ് ആക്ട് ഭേദഗതി ചെയ്ത് ബോണസ് ഇല്ലാതാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാരിന്റേത്. തൊടുപുഴ സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സുനിൽകുമാർ, ഇടുക്കി കലക്‍ടറേറ്റില്‍ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാര്‍, അടിമാലിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി എ ജയകുമാര്‍ എന്നിവര്‍ ഉദ്ഘാടനംചെയ്‍തു. പീരുമേട് സിവിൽ സ്റ്റേഷനിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം എം രമേശും നെടുങ്കണ്ടം സിവിൽ സ്റ്റേഷനിൽ കെജിഒഎ ജില്ലാ സെക്രട്ടറി പി എസ് അബ്ദുൾ സമദും ഉദ്ഘാടനംചെയ്‍തു.









0 comments