കട്ടപ്പന ട്രൈബല്‍ സ്‌കൂളിലെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കല്‍
‘എസ്റ്റിമേറ്റ്’ തുക ‘പിഴ’യാക്കി സ്വകാര്യ ചാനലിന്റെ വ്യാജവാര്‍ത്ത: പ്രതിഷേധം

വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായി കാട്ടി മന്ത്രി റോഷി അഗസ്റ്റിൻ കലക്ടർക്ക് നൽകിയ കത്ത്
കട്ടപ്പന
കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്‌കൂളിന് കെഎസ്ഇബി പിഴ ചുമത്തിയെന്ന സ്വകാര്യ ചാനൽ വ്യാജ വാർത്തയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. സ്‌കൂൾ പരിസരത്തുകൂടി വലിച്ചിരുന്ന വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൂർണമായി മാറ്റി സ്ഥാപിക്കുന്നതിന് 1,51,191 രൂപ ചെലവാകുമെന്നുകാട്ടി കെഎസ്ഇബി കട്ടപ്പന ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ നൽകിയ കത്താണ് ‘പിഴ' ചുമത്തിയതായി കാട്ടി സ്വകാര്യ ചാനലിൽ വാർത്ത സംപ്രേഷണം ചെയ്തത്. ഇതിനിടെ ലൈൻ മാറ്റി വലിക്കുന്നതിന് എംഎൽഎ ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായി കാട്ടി മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽനിന്ന് കലക്ടർക്ക് കത്ത് നൽകി. കട്ടപ്പന സെക്ഷൻ ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു. കഴിഞ്ഞ 19ന് മന്ത്രി റോഷി അഗസ്റ്റിൻ, എം എം മണി എംഎൽഎ, എൽഡിഎഫ് നേതാക്കൾ ഉൾപ്പെടുന്ന സംഘം സ്‌കൂൾ സന്ദർശിച്ചിരുന്നു. സ്‌കൂൾ കെട്ടിടത്തിന്റെ സമീപത്തുകൂടിയുള്ള വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കാൻ മന്ത്രി റോഷി അഗസ്റ്റിൻ നിർദേശം നൽകി. ലൈൻ മാറ്റി വലിക്കാനാവശ്യമായ തുക എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. നേരത്തെ എബിസി കേബിളുകൾ വലിക്കുന്നതിനായി 72,088 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞ 21ന് കെഎസ്ഇബി ഉദ്യോഗസ്ഥർ സ്‌കൂളിൽ നടത്തിയ പരിശോധനയിൽ പുതിയ റൂട്ടിലൂടെ ലൈൻ മാറ്റി സ്ഥാപിക്കണമെന്ന് സ്‌കൂൾ അധികൃതർ നിർദേശിച്ചിരുന്നു. സ്‌കൂൾ പരിസരത്തുള്ള രണ്ട് സ്പാൻ ലൈനുകൾ നീക്കി എബിസി കേബിൾ വലിക്കാനും പവർ റൂം ക്രമീകരിച്ച് കണക്ഷനുകൾ ഒരുമിച്ചാക്കി ബസ് ബാർ പാനൽ സ്ഥാപിച്ച് യുജി കേബിൾ വഴി കണക്ഷൻ നൽകാനും തീരുമാനിച്ചിരുന്നു. പരിശോധനയ്ക്ക് ശേഷം സ്‌കൂളിൽ സുരക്ഷ കമ്മിറ്റി യോഗവും ചേർന്നിരുന്നു. ലൈൻ വലിക്കുന്നതിന് സ്‌കൂൾ പരിസരത്തെ രണ്ട് കുടുംബങ്ങളുടെ അനുമതിയും വാങ്ങി. ഇതുസംബന്ധിച്ച കെഎസ്ഇബി സബ് ഡിവിഷൻ, സെക്ഷൻ ഓഫീസുകളിൽനിന്ന് നൽകിയ എസ്റ്റിമേറ്റും കത്തുകളും സ്‌കൂൾ അധികൃതർ മന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു. തുടർന്നാണ് തുക അനുവദിച്ചതായി കാട്ടി ശനിയാഴ്ച മന്ത്രിയുടെ ഓഫീസിൽനിന്ന് കലക്ടർക്ക് കത്ത് നൽകിയത്. കെഎസ്ഇബി നൽകിയ കത്തുകളിലെ വസ്തുത വളച്ചൊടിച്ചുള്ള സ്വകാര്യ ചാനൽ വാർത്ത അടിസ്ഥാന രഹിതമാണെന്ന് കട്ടപ്പന നഗരസഭ കൗൺസിലർമാരായ ധന്യ അനിൽ, ഷാജി കൂത്തോടിയിൽ എന്നിവർ പറഞ്ഞു. തുക അനുവദിച്ചതോടെ ലൈൻ മാറ്റി സ്ഥാപിക്കൽ ഉടനുണ്ടാകുമെന്നും ഇവർ പറഞ്ഞു.









0 comments