നീലവസന്തത്തിനായി വനമഹോത്സവം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 10, 2025, 12:15 AM | 1 min read


മൂന്നാർ

ഇരവികുളം ദേശീയോദ്യാനത്തിൽ വനമഹോത്സവം വിപുലമായ പരിപാടികളോടെ നടത്തി. നീലക്കുറിഞ്ഞി തൈനടൽ, തത്സമയ പ്രശ്നോത്തരി, പ്ലാസ്റ്റിക് നിർമാർജനം, മൊബൈൽ വീഡിയോഗ്രാഫി മത്സരം, അധിനിവേശ സസ്യനിർമാർജനം, സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ചു. വനമഹോത്സവത്തിന്റെ ഇരവികുളം ദേശീയോദ്യാനതല പരിപാടികൾ അസി. വൈൽഡ് ലൈഫ് വാർഡൻ നിതിൻ ലാൽ ഉദ്ഘാടനം ചെയ്തു. ചട്ടമൂന്നാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ പി രാജീവ് നീലക്കുറിഞ്ഞി തൈകൾ നടുന്നതിന് നേതൃത്വം നൽകി. നിരവധി വിനോദസഞ്ചരികളും ദേശീയോദ്യാനത്തിലെ ജീവനക്കാരും കുറുഞ്ഞി ഉദ്യാനവിപുലീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ടൂറിസം സോണിൽ വിനോദ സഞ്ചാരികൾക്കായി തൽസമയ പ്രശ്നോത്തരി സംഘടിപ്പിച്ചു. വിജയികൾക്ക് വെർച്ച്വൽ റിയാലിറ്റി ടിക്കറ്റ് സമ്മാനമായി നൽകി. ഇരവികുളത്തിന്റെ പ്രകൃതിഭംഗി എന്ന വിഷയത്തിൽ ഒരു മിനിറ്റ് മൊബൈൽ വീഡിയോഗ്രാഫി മൽസരത്തിൽ നിരവധി സഞ്ചാരികൾ പങ്കെടുത്തു. ഒന്നാം സ്ഥാനത്തിന് അർഹരാകുന്നവർക്ക് 2000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 1500, 1000 രൂപയും സമ്മാനമായി നൽകും. വാഗവര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മൂന്നാർ ലയൺസ് സ്കൂൾ വിദ്യാർഥികൾക്കായി ബോധവൽക്കരണ പഠന ക്ലാസ് സംഘടിപ്പിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുമേഷ് പ്രഭു ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇഡിസി അംഗങ്ങളുടെയും വിനോദസഞ്ചാരികളുടെയും നേതൃത്വത്തിൽ ടൂറിസം സോണായ താർ ഒന്ന് മേഖലയിൽ അധിനിവേശ സസ്യമായ ടെറഡിയം നിർമാർജനം നടത്തി. ജനവാസമേഖലയോട് അതിർത്തിപങ്കിടുന്ന ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തികളിലും മൂന്നാർ–- മറയൂർ റൂട്ടിൽ ലക്കം മുതൽ ചട്ടമൂന്നാർ വരെയുള്ള ഭാഗങ്ങളിലും പ്ലാസ്റ്റിക് നിർമാർജനം നടത്തി. ചട്ടമൂന്നാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെ. റേഞ്ച് ഓഫീസർ എം സി സന്തോഷ് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home