ശുചിത്വ മാലിന്യസംസ്‍കരണം; നിയമലംഘനങ്ങള്‍ 127


സ്വന്തം ലേഖകൻ
Published on Jul 18, 2025, 12:15 AM | 1 min read
തൊടുപുഴ
നാടും നഗരവും മാലിന്യമുക്തമാക്കാനുറച്ച് ശുചിത്വമിഷൻ. ശുചിത്വ മാലിന്യ സംസ‍്‍കരണ മേഖലയിലെ നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകൾ. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഡിസ്‍പോസിബിൾ വസ്‍തുക്കളുടെ നിരോധനത്തിന് ഹൈക്കോടതിയുടേതുൾപ്പെടെ നിരവധി ഉത്തരവുകളും സർക്കുലറുകളും ഉണ്ടായിട്ടും നിയമലംഘനങ്ങൾ തുടരുകയാണ്. ജൂൺ ആദ്യം മുതൽ ചൊവ്വാവരെ 329 പരിശോധനകൾ നടത്തി. ഇവയിൽനിന്ന് 127 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 4,01,000 രൂപയാണ് പിഴയീടാക്കിയത്. ജില്ലാതലത്തിൽ രണ്ട് എൻഫോഴ്‍സ്‍മെന്റ് സ്‍ക്വാഡുകളാണ് പരിശോധന നടത്തുന്നത്. പിഴ ഈടാക്കുന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളാണ്. സ്‌ക്വാഡ് സംവിധാനത്തിന് പുറമേ 9446700800 സിങ്ങിൾ വാട്സാപ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യുന്ന നിയമലംഘനങ്ങൾക്കെതിരെയും നടപടികൾ എടുക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്യുന്ന വ്യക്തികൾക്ക് പിഴയുടെ 25 ശതമാനം പാരിതോഷികം നൽകുന്നുണ്ട്. 13 തദ്ദേശ സ്ഥാപനങ്ങളിലായി 14 പരാതികളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‍തിട്ടുള്ളത്. ക്ലീനാക്കണം നിരോധിത വസ്‍തുക്കളുടെ സംഭരണം, വിൽപന, ഉപയോഗം എന്നിവയ്‍ക്ക് പുറമേ പൊതുസ്ഥലങ്ങളുടെയും ജലാശയങ്ങളുടെയും മലിനീകരണം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, മലിനജലം ഒഴുക്കൽ തുടങ്ങി എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും നടപടിയുണ്ട്. ജില്ലാ സ്‍ക്വാഡുകൾക്ക് പുറമേ ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സ്‌ക്വാഡുകളും തദ്ദേശസ്ഥാപനതല വിജിലൻസ് സ്‌ക്വാഡുകളും പ്രവർത്തിക്കുന്നു. തൊടുപുഴ, ഇളംദേശം, കട്ടപ്പന, അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലുമാണ് ഒരു സ്‍ക്വാഡിന് ചുമതല. രണ്ടാം സ്‍ക്വാഡിന് ഇടുക്കി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും. ഐവിഓമാരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഒന്നിന് തൊടുപുഴ നഗരസഭയുടെയും തൊടുപുഴ ഇളംദേശം ബ്ലോക്കുകളുടെയും സ്‌ക്വാഡ് രണ്ടിന് അടിമാലി ദേവികുളം ബ്ലോക്കുകളുടെയും സ്‌ക്വാഡ് മൂന്നിന് കട്ടപ്പന, ഇടുക്കി ബ്ലോക്കുകളുടെയും പരിശോധന ചുമതലയാണുള്ളത്. സർക്കാർ സംവിധാനങ്ങൾ മാത്രം വിചാരിച്ചാൽ പൂർണ പരിഹാരം കണ്ടെത്താനാകില്ലെന്നും വ്യക്തിപരമായി ഓരോരുത്തരും നിയമലംഘനം നടത്തില്ലെന്ന് തീരുമാനിക്കണമെന്നും അധികൃതർ പറഞ്ഞു.









0 comments