തൊടുപുഴ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത് ലക്ഷങ്ങള്‍


സ്വന്തം ലേഖകൻ
Published on Jul 08, 2025, 12:09 AM | 1 min read
തൊടുപുഴ
സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും വിപുലപ്പെടുത്തിയതോടെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത് ലക്ഷങ്ങൾ. ലോ റേഞ്ചിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ആശുപത്രിയിൽ 2019 മുതൽ എല്ലാവർഷവും ഒ പിയിൽ വലിയ തിരക്കാണ്. 2019ൽ 3,40,629 പേരാണെത്തിയത്. 2020ൽ ഇത് 1,50,682 ആയി. 2022ൽ 2,79,823 ആയി ഉയർന്നു. 2023ൽ 3,34,007, 2024ൽ 3,29,341 എന്നിങ്ങനെയാണ് കണക്ക്. കിടത്തി ചികിത്സിക്കുന്നവരുടെ എണ്ണത്തിലും വലിയ വർധനയുണ്ടായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2019 മുതൽ 2024 വരെ 1,70,901 പേർക്കാണ് ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയത്. 2015ലാണ് താലൂക്ക് ആശുപത്രിയിൽനിന്ന് ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത്. 2014ൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. അന്ന് അഞ്ച് മെഷീനുകളുമായി ഒരു ഷിഫ്റ്റായിരുന്നെങ്കിൽ എൽഡിഎഫ് സർക്കാരിന്റെ ഒമ്പത് വർഷം ആശുപത്രിയിലെത്തിച്ചത് 13 പുതിയ മെഷീനുകൾ കൂടി. നിലവിൽ 18 മെഷീനുകളുണ്ട്, രണ്ട് ഷിഫ്റ്റാണ് ഡയാലിസിസ്‍ ചെയ്യുന്നത്. 2016ൽ കീമോ തെറാപ്പി ചെയ്‍തു തുടങ്ങി. മൂന്ന് വർഷം മുമ്പ് സ്ട്രോക്ക് യൂണിറ്റും ആരംഭിച്ചു. പുതിയ അത്യാഹിത വിഭാഗ കെട്ടിടം ഉദ്ഘാടനംചെയ്‍തത് 2019ൽ. ആറു ബെഡ് ഐസിയു ഈ കെട്ടിടത്തിലാണ്. കഴിഞ്ഞവർഷം മുതൽ ഫിസിയോതെറാപ്പി യൂണിറ്റ് തുടങ്ങി. രണ്ട് തെറാപ്പിസ്റ്റ് ഉൾപ്പെടെ നല്ലരീതിയിൽ പ്രവർത്തിക്കുന്നു. സാധാരണ ശസ്ത്രക്രിയകൾക്ക് പുറമേ ലാപ്പറോസ്‍കോപ്പിക്, മുട്ടുമാറ്റിവയ്‍ക്കൽ തുടങ്ങിയവയും ചെയ്യുന്നുണ്ട്. 2022ന് മുമ്പ് ലാബിൽ 65 ഇനം പരിശോധനകളാണ് നടന്നതെങ്കിൽ ആധുനിക ഉപകരണങ്ങൾ അടക്കമെത്തിച്ചതോടെ ഇപ്പോൾ 85 ഇനം പരിശോധനകൾ നടത്താനാവുന്നുണ്ട്.









0 comments