ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിക്ക് ജില്ലയിൽ തുടക്കം

ദേശാഭിമാനി അക്ഷരമുറ്റം സ്‌കൂൾതല ദിനപത്ര വിതരണ പദ്ധതി വാഴത്തോപ്പ് ഗവ. എൽപി സ്‌കൂളിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
ഇടുക്കി
ദേശാഭിമാനി അക്ഷരമുറ്റം സ്‌കൂൾതല ദിനപത്രംവിതരണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വാഴത്തോപ്പ് ഗവ. എൽപി സ്‌കൂളിൽ വിദ്യാർഥി പ്രതിനിധി ആഷേർ ഷൈനിന് പത്രം കൈമാറി സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്‌തു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷനായി. സ്‌കൂൾ പ്രഥമാധ്യാപിക ഷീലു തോമസ്, പഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചൻ, സിജി ചാക്കോ, സാംസ്‌കാരിക പ്രവർത്തകൻ എം കെ മോഹനൻ, സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ബാബു, ദേശാഭിമാനി ഏരിയ ലേഖകൻ സജി തടത്തിൽ, അധ്യാപിക പി വി റിൻസിമോൾ എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വായനശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ സഹകരണ ബാങ്കുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ സ്‌കൂളുകളിൽ ദേശാഭിമാനി പത്രം ലഭ്യമാക്കിവരുന്നു. യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് നേടിയ, ഏഷ്യയിൽ ഏറ്റവും കുടുതൽ കുട്ടികൾ പങ്കെടുക്കുന്ന ക്വിസ് പരിപാടിയായ അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റും ഇതിന്റെ ഭാഗമായി സ്കൂളുകളിൽ നടക്കും. പത്രത്തിനൊപ്പം കുട്ടികളുടെ ദ്വൈവാരികയായ ‘തത്തമ്മ’യും വാഴത്തോപ്പ് എൽപി സ്‌കൂളിന് സ്‌പോൺസർ ചെയ്‌തു.
ജോർജ് പോളിന്റെ പ്രതിബദ്ധത പ്രശംസനീയം: സി വി വർഗീസ്
ചെറുതോണി
ജില്ലയിലെ ദേശാഭിമാനി അക്ഷരമുറ്റം പത്ര ക്യാമ്പയിനിൽ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോളിന്റെ ഇടപെടൽ പ്രശംസനീയമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. ദേശാഭിമാനി സ്‌കൂൾ പത്ര ക്യാമ്പയിനിൽ 27 പത്രങ്ങളാണ് ഇത്തവണ പഞ്ചായത്ത് ഭരണസമിതിയെക്കൊണ്ട് സ്‌പോൺസർ ചെയ്യിപ്പിച്ചത്. പത്രത്തിനൊപ്പം കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയും സ്‌കൂളുകൾക്ക് നൽകിവരുന്നു. തുടർച്ചയായ 10 വർഷമായി ജില്ലയിൽ കൂടുതൽ പത്രങ്ങൾ ചേർത്ത് റെക്കോർഡിട്ടു. ആർക്കും അത് ഭേദിക്കാനായിട്ടില്ല. ദേശാഭിമാനിയോടുള്ള അദ്ദേഹത്തിന്റെ അദമ്യമായ പ്രതിബദ്ധതയും സ്‌നേഹവുമാണ് ഇതിൽ തെളിയുന്നതെന്നും മറ്റുള്ളവർ മാതൃകയാക്കണമെന്നും സി വി വർഗീസ് പറഞ്ഞു.









0 comments