വൈഗയിൽ ജലനിരപ്പുയർന്നത് ആറടിയോളം

വൈഗ അണക്കെട്ടിൽ നിന്നും വെള്ളം പുറത്തേയ്‌ക്ക് ഒഴുക്കുന്നു
കുമളി
മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. 71 അടി സംഭരണ ശേഷിയുള്ള വൈഗയിൽ ജലനിരപ്പ് വ്യാഴം രാവിലെ ആറിന് 65.12 അടിയാണ്. തലേദിവസം ഇത് 64.80 അടിയായിരുന്നു. ജൂലൈ ഒന്നിനുശേഷം ആറടിയോളം വെള്ളം അണക്കെട്ടിൽ ഉയർന്നു. ജലനിരപ്പ് 66 അടി എത്തുന്നതോടെ ജില്ലാ ഭരണം ജനങ്ങൾക്ക് ആദ്യ മുന്നറിയിപ്പ് നൽകും. വൈഗയുടെ വൃഷ്ടിപ്രദേശങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് വർധിക്കാനാണ് സാധ്യത. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജലനിരപ്പ് 66 അടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ജലനിരപ്പ് 66 അടിയിലെത്തിയാൽ തേനി, ദിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം അഞ്ച് ജില്ലകൾക്ക് ആദ്യഘട്ട വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകും. വ്യാഴം രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ വൈഗയിലേക്ക് സെക്കൻഡിൽ 1744 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ 869 ഘനയടി വീതം വെള്ളം തുറന്നു വിടുന്നുണ്ട്. മധുര, ആണ്ടിപ്പട്ടി എന്നീ നഗരങ്ങളിലേക്ക് ശുദ്ധജലം നൽകുന്നതും ദിണ്ടിഗൽ, മധുര എന്നീ ജില്ലകളിൽ ജലസേചനം നടത്തുന്നതും വൈഗ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചാണ്. ആറ് ടിഎംസിയാണ് അണക്കെട്ടിലെ സംഭരണശേഷി. തമിഴ്നാട്ടിലെ 104 അണക്കെട്ടുകളിൽ ഒന്നാണ് വൈഗ. ജലവൈദ്യുതിപദ്ധതിയിൽ നിന്നും ആറ് മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്.









0 comments