വാഴൂർ തൊഴിലാളിവർഗ മുന്നേറ്റത്തിന് കരുത്തേകിയ നേതാവ്: സിപിഐ എം

ചെറുതോണി
തൊഴിലാളിവർഗ മുന്നേറ്റത്തിനായി ജീവിതം ഉഴിഞ്ഞുവച്ച കരുത്തുറ്റ ട്രേഡ് യൂണിയൻ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎയെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി. ഒരു പുരുഷായുസ്സ് മുഴുവൻ തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി മാറ്റിവച്ച ഉത്തമനായ കമ്യൂണിസ്റ്റായിരുന്നു. ജില്ലയിലെ ഏറ്റവും മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് എന്ന നിലയിൽ ഇടതുപക്ഷ ഐക്യം ഉറപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ഉൾക്കൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നത്തിലും വാഴൂർ സോമൻ എംഎൽഎ എന്ന നിലയിൽ ശക്തമായ ഇടപെടലുകൾ നടത്തി. ലയങ്ങളിൽ അന്തിയുറങ്ങുന്ന തോട്ടം തൊഴിലാളികളുടെ സർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണപരിശ്രമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം, ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലെല്ലാം സജീവസാന്നിധ്യമാണ്. രാജ്യത്താകെ ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്താൻ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട ഘട്ടത്തിലാണ് വാഴൂർ സോമൻ നമ്മെ വിട്ടുപിരിയുന്നത്. സമുന്നതനായ നേതാവിന്റെ വിയോഗത്തിൽ സിപിഐ പ്രസ്ഥാനത്തിന് വലിയ നഷ്ടമാണുണ്ടായിട്ടുള്ളത്. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ട് സിപിഐ എം ജില്ലാ കമ്മിറ്റിയുടെയും പ്രവർത്തകരുടെയും പേരിലുള്ള അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നതായി ജില്ലാ സെക്രട്ടറി സി വി വർഗീസ് അനുശോചനസന്ദേശത്തിൽ പറഞ്ഞു.








0 comments