ഏലപ്പാറ പഞ്ചായത്ത്
ഭരണസമിതിക്കെതിരെ പ്രതിഷേധമിരമ്പി

ഏലപ്പാറ പഞ്ചായത്ത് ഓഫീസ് ഉപരോധം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനംചെയ്യുന്നു
ഏലപ്പാറ
നാടിന്റെ പൊതുവികസനത്തെ മുരടിപ്പിച്ച ഏലപ്പാറ യുഡിഎഫ് ഭരണസമിതിക്കെതിരെ സിപിഐ എം നടത്തിയ പഞ്ചായത്ത് മാർച്ചിൽ പ്രതിഷേധമിരമ്പി. പൊതുജനങ്ങൾ ഉൾപ്പെടെ നൂറുകണക്കിനുപേർ പങ്കെടുത്ത ജനകീയ മാർച്ച് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധസമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി എസ് രാജൻ ഉദ്ഘാടനം ചെയ്തു. ആന്റപ്പൻ എൻ ജേക്കബ് അധ്യക്ഷനായി. ഭരണത്തിലേറിയനാൾ മുതൽ അഴിമതിയുടെയും വിവാദങ്ങളുടെയും കൂത്തരങ്ങായി പഞ്ചായത്ത് മാറി. കൈക്കൂലി വാങ്ങിയതിന്റെ പേരിൽ മുൻ സെക്രട്ടറിയെ വിജിലൻസ് അറസ്റ്റുചെയ്‌തിരുന്നു. ഭരണസമിതിയിൽ ഭിന്നതയുണ്ടായതിനെതുടർന്ന് വാർഷിക പദ്ധതികൾ യഥാസമയം ജില്ലാ ആസൂത്രണ സമിതിക്ക് നൽകാതെ, ലഭിക്കേണ്ട ഫണ്ടുകൾ നഷ്ടപ്പെടുത്തി. പട്ടികജാതി വികസന ഫണ്ടുകൾ ഉപയോഗിക്കാതെ നഷ്‌ടപ്പെടുത്തുന്നു. ഗ്രാമീണ റോഡുകളുടെ ദുരവസ്ഥ പരിഹരിക്കുന്നതിലും പഞ്ചായത്തിന് താൽപ്പര്യമില്ല. യുഡിഎഫ് അംഗങ്ങളുടെ പല വാർഡുകളിലും നടത്തിയ നിർമാണ പ്രവൃത്തികളിൽ വൻ തട്ടിപ്പും ക്രമക്കേടും നടന്നതായും ആക്ഷേപമുണ്ട്. അന്തരാഷ്ട്ര ശ്രദ്ധയാകർഷിച്ച വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തോടും കടുത്ത അവഗണനയാണ്. ചില പഞ്ചായത്ത് അംഗങ്ങൾ വൻകിട റിസോർട്ട് ഉടമകളുമായി ഒത്തുകളിച്ച് നടത്തിയ ഇടപെടലുകൾ പഞ്ചായത്തിന്റെ തനതുവരുമാനം ഗണ്യമായി കുറയാൻ കാരണമായി. വാഗമണ്ണിൽ ദീർഘനാളത്തെ ആവശ്യമായ ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കാനും ഭരണസമിതിക്ക് കഴിഞ്ഞില്ല. അടുത്ത നാളുകളിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ നിലവിലെ പഞ്ചായത്ത് സെക്രട്ടറി സ്ഥലംമാറ്റം വാങ്ങി. നിർമാണരംഗത്ത് ചുമതലയുള്ള സങ്കേതിക വിഭാഗം ഉദ്യോഗസ്ഥരും സ്ഥലമാറ്റത്തിന് ശ്രമിക്കുന്നതായി വിവരമുണ്ട്. പ്രതിഷേധയോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം ജെ വാവച്ചൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ നിശാന്ത് വി ചന്ദ്രൻ, സി സിൽവസ്റ്റർ, എൻ എം കുശൻ, ബി അനൂപ്, വി പി സുരേഷ്, ലോക്കൽ സെക്രട്ടറിമാരായ എസ് അനിൽകുമാർ, റെജി സൈമൺ എന്നിവർ സംസാരിച്ചു.









0 comments