ഏറ്റെടുത്തത് ചരിത്ര ദ‍ൗത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
നിധിൻ രാജു

Published on Sep 24, 2025, 12:30 AM | 2 min read

ഇടുക്കി

നിയമക്കുരുക്കുകൾക്ക് വിരാമം കുറിക്കാനാണ് എൽഡിഎഫ് സർക്കാർ 1960ലെ ഭൂപതിവ്‌ നിയമം ഭേദഗതിചെയ്ത് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. ഹൈക്കോടതിയുടെ നിർദേശങ്ങളും വിദഗ്ധരുടെ അഭിപ്രായങ്ങളും പരിഗണിച്ചായിരുന്നു സമഗ്ര നിയമ ഭേദഗതി. ഇതോടെ പതിച്ചുകിട്ടിയ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും കൃഷിക്കും ഗൃഹനിർമാണത്തിനുമടക്കം പതിച്ചു നൽകിയ ഭൂമി ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുമുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെട്ടു. 1963 വരെ നിർമാണം നടന്ന മുഴുവൻ വീടുകൾക്കും ഫീസ് ഇല്ലാതെ നിയമസാധുത, 3000 ചതുരശ്ര അടിവരെ വ്യാപാര സ്ഥാപനങ്ങൾക്ക്‌ സാധൂകരണം, പൊതുസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയ്ക്കെല്ലാം നിയമപരമായ പരിരക്ഷ എന്നിവയെല്ലാം ഉറപ്പാക്കി. 95 ശതമാനത്തിലേറെ കെട്ടിടങ്ങളും വീടുകളും ഫീസ് ഇല്ലാതെ ക്രമീകരിക്കപ്പെടും. 5000 ചതുരശ്ര അടി കവിയുന്ന വൻകിട നിർമാണങ്ങൾക്ക് മാത്രമാണ് ഫീസ് . ഇത്തരം നിർമാണങ്ങൾ ജില്ലയിൽ തുച്ഛമാണ്‌. കെട്ടിടം ക്രമവല്‍ക്കരിക്കാന്‍ പട്ടയത്തിന്റെ പകര്‍പ്പ് വേണമെന്ന നിര്‍ദേശത്തില്‍ ഇളവ് വരുത്തിയതും സാധാരണക്കാർക്ക്‌ പ്രയോജനപ്പെടും. ​​

തെറ്റിദ്ധരിപ്പിക്കൽ 
ജാള്യം

മറയ്‌ക്കാൻ ​​​കർഷക പ്രതിസന്ധിക്കിടയായ ഭരണ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നത്‌ ആരാണെന്ന്‌ ബോധ്യമുള്ളവർതന്നെ തെറ്റിദ്ധാരണമാത്രമേ പോംവഴിയുള്ളൂവെന്ന്‌ കരുതുന്നു. മാത്രമല്ല, വന്‍കിട ലോബികള്‍ക്കായി വാദിച്ച്‌ സാന്പത്തിക താൽപ്പര്യവും മുന്നോട്ടുവയ്‌ക്കുന്നു. എന്നാൽ യൂത്ത് കോണ്‍ഗ്രസും മാത്യു കുഴല്‍നാടനും കോടതി വ്യവഹാരങ്ങളില്‍ തളച്ചിട്ട ജനത്തെയാണ്‌ സര്‍ക്കാര്‍ മോചിപ്പിക്കുന്നത്‌. ഭൂ നിയമം ലംഘിച്ച് നിർമിക്കപ്പെട്ടിട്ടുള്ള ആയിരക്കണക്കായ ആരാധനാലയങ്ങൾ, അങ്കണവാടികൾ, ലൈബ്രറികൾ, കമ്യൂണിറ്റി ഹാളുകൾ, സ്കൂളുകൾ, ആശുപത്രികൾ, ക്ലബുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം പുതിയ ബില്ലിലൂടെ നിയമ സാധുത കൈവരികയാണ്. ഒമ്പത് കുടിയിറക്കുകള്‍ നടത്തിയപ്പോള്‍ മലയോര ജനതയ്ക്കുവേണ്ടി പോരാട്ടം നയിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളാണ്. ഒരേക്കര്‍ സ്ഥലത്തിനുമാത്രം പട്ടയമെന്നും ഒരുലക്ഷം രൂപയ്ക്ക് മേല്‍വരുമാനമുള്ളവര്‍ക്ക് പട്ടയം നിഷേധിച്ചും പതിച്ചുകിട്ടുന്ന ഭൂമി കൈമാറ്റം ചെയ്യരുതെന്നുമുള്ള നിയമങ്ങളും യുഡിഎഫിന്റെ സംഭാവന. ​

കരിനിയമങ്ങൾ 
മാറ്റിയെഴുതും 
ജനകീയ സർക്കാർ

സിഎച്ച്ആര്‍ വിഷയത്തിലും ജനവിരുദ്ധ നിലപാടാണ്‌ കോൺഗ്രസ്‌ സ്വീകരിച്ചത്‌. എന്നാൽ എൽഡിഎഫ്‌ സര്‍ക്കാര്‍ കരിനിയമങ്ങള്‍ മാറ്റിയെഴുതി. ഒമ്പത് വർഷത്തിനിടെ നിരവധി പട്ടയമേളകളിലൂടെയും അല്ലാതെയും 55,000 പേര്‍ക്ക് ഉപാധിരഹിതപട്ടയം നല്‍കി. ഗോത്ര വിഭാഗത്തിന് യഥാര്‍ഥ പട്ടയം നല്‍കി. സിഎച്ച്ആറിലെ 15,720 ഹെക്ടര്‍ സ്ഥലം റവന്യു ഭൂമിയാണെന്ന് നാലുതവണ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിരന്തര ഇടപെടലിലൂടെയാണ് ഇക്കാര്യം യാഥാര്‍ഥ്യമായത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ, ബഫർസോൺ നിയമം, വന്യജീവി ഇടനാഴി, ഇഎഫ്എല്‍, ഇഎസ്എ പോലെ ജില്ലയ്‍ക്കുമേൽ കോൺഗ്രസ് കൊണ്ടുവന്നതാണ് നിർമാണ നിരോധനവും.



deshabhimani section

Related News

View More
0 comments
Sort by

Home