ഖത്തറിനെതിരെ ഇസ്രയേൽ ആക്രമണം
പ്രതിഷേധരോഷത്തില്‍ ഇടതുപക്ഷം

എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തൊടുപുഴ മങ്ങാട്ടുകവലയില്‍ സംഘടിപ്പിച്ച ധര്‍ണ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു
തൊടുപുഴ
ഖത്തറിനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമങ്ങളിലും അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കുമെതിരെ എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തൊടുപുഴയിൽ ധര്‍ണ നടത്തി. മങ്ങാട്ടുകവലയില്‍ എം എം മണി എംഎല്‍എ ഉദ്ഘാടനംചെയ്‌തു. സിപിഐ തൊടുപുഴ താലൂക്ക് സെക്രട്ടറി വി ആർ പ്രമോദ് അധ്യക്ഷനായി. ഇസ്രയേല്‍ ആക്രമിക്കുന്ന ഏഴാമത്തെ രാജ്യമാണ് ഖത്തര്‍. അമേരിക്കന്‍ പിന്തുണയോടെയും ഇന്ത്യയുടെ മൗനാനുവാദത്തോടെയുമാണ് മറ്റ് രാജ്യങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്. ഗാസയില്‍ പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും കൊന്ന് വംശഹത്യ നടത്തുന്ന ഇസ്രയേല്‍ ഏതുരാജ്യത്തിനുമേലും കടന്നുകയറുന്ന സ്ഥിതിയാണുള്ളത്. ക്രൂരമായ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ലോകത്തെല്ലായിടത്തും പ്രതിഷേധം ഉയരുകയാണ്. യുദ്ധോപകരണങ്ങള്‍ വിറ്റഴിക്കാനും സാമ്രാജ്യത്വ അധീശത്വം അരക്കിട്ടുറപ്പിക്കാനും അമേരിക്ക യുദ്ധവെറിയന്‍മാര്‍ക്ക് ഊര്‍ജം പകരുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ അധിവസിക്കുന്ന ഖത്തറിനെതിരായുള്ള ആക്രമണം ഒറ്റപ്പെട്ടതായി കാണാനാവില്ല. അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനികാക്രമണങ്ങള്‍ക്കെതിരെ ഇടതുപക്ഷം രാജ്യത്താകെ പ്രക്ഷോഭങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് ജില്ലയിലും ധർണ സംഘടിപ്പിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റിയംഗം വി വി മത്തായി, ഏരിയ സെക്രട്ടറിമാരായ ടി ആർ സോമൻ, ലിനു ജോസ്, ടി കെ ശിവൻനായര്‍, പി പി സുമേഷ്, വിവിധ എല്‍ഡിഎഫ് നേതാക്കളായ ജോർജ് അഗസ്‌റ്റിൻ, അനിൽ കൂവപ്ലാക്കൽ, പോൾസൺ മാത്യു, കെ എം ജബ്ബാർ, ജിമ്മി മറ്റത്തിപ്പാറ, അനില്‍ രാഘവൻ, ജോണ്‍ തോട്ടം എന്നിവർ സംസാരിച്ചു.









0 comments