ഭൂ പതിവ് ചട്ട ഭേദഗതി
സാധാരണക്കാര്‍ക്ക് ലഭിക്കുന്നത് ശാശ്വത പരിഹാരം: സിപിഐ എം

ചെറുതോണി
മന്ത്രിസഭായോഗം പാസാക്കിയ 1964ലെ ഭൂ പതിവ് ചട്ട ഭേദഗതി ജില്ലയിലെ സാധാരണക്കാരുടെ നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ശാശ്വത പരിഹാരം ഉറപ്പാക്കുന്നതാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്. ഇടുക്കിയുടെ ജനജീവിതത്തോടൊപ്പം നില്‍ക്കുന്ന മുഴുവനാളുകള്‍ക്കും ഗുണകരമാകുന്ന തീരുമാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല. അരാഷ്ട്രീയവാദികളും നിക്ഷിപ്ത താല്‍പര്യക്കാരും യുഡിഎഫും നടത്തുന്ന ഗൂഢനീക്കങ്ങള്‍ ജനം തിരിച്ചറിഞ്ഞു. കര്‍ഷകരെയും സാധാരണക്കാരെയും മറയാക്കി ജില്ലയ്‍ക്ക് പുറത്തുനിന്നുള്ള ബിസിനസ് ലോബികളുടെയും അവരുടെ പണംപറ്റുന്ന വ്യാജ കര്‍ഷകസംഘടനാ നേതാക്കളുടെയും ദുഷ്‍പ്രചാരണങ്ങള്‍ സിപിഐ എം തുറന്നുകാണിക്കും. ജനത്തെ കബളിപ്പിക്കാൻ ശ്രമം 1964മുതല്‍ 60വര്‍ഷത്തിനിടയില്‍ ജില്ലയിലുണ്ടായ മുഴുവന്‍ നിര്‍മാണങ്ങളും ക്രമവല്‍ക്കരിക്കുന്ന ചരിത്രപരമായ ചട്ട ഭേദഗതിയാണിത്. തുടര്‍ നിര്‍മാണത്തിനുള്ള രണ്ടാംഘട്ട ചട്ട ഭേദഗതി രണ്ടുമാസത്തിനുള്ളില്‍ പ്രഖ്യാപിക്കും. ചട്ട ഭേദഗതി സബ്ജക്ട് കമ്മറ്റിയുടെ പരിഗണനയ്‍ക്ക് ശേഷം നിയമസഭ പാസാക്കുമ്പോഴാണ് പൊതുരേഖയാകൂ. വസ്‍തുത ഇതായിരിക്കെ അരാഷ്ട്രീയ സംഘടനകളും എംപിയും കൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇടുക്കിയില്‍നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് 2014ല്‍ പള്ളിവാസലിലെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സിന് നല്‍കിയ പരാതിയും തുടര്‍ന്ന് മാത്യു കുഴല്‍നാടന്‍ വഴി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലുണ്ടായ വിധിയിലൂടെയുമാണ് ജില്ലയിലെ നിര്‍മാണങ്ങള്‍ നിരോധിക്കപ്പെട്ടത്. 50വര്‍ഷത്തോളം നിര്‍മാണ തടസമില്ലാതിരുന്ന ജില്ലയില്‍ നിര്‍മാണനിരോധന ഉത്തരവ് 2016ല്‍ കൊണ്ടുവരുന്നത് മാത്യു കുഴല്‍നാടനും യൂത്ത് കോണ്‍ഗ്രസ് നേതാവുമാണ്. പിന്നീട്, 1960ലെ ഭൂ നിയമപ്രകാരം പട്ടയംലഭിച്ച കേരളത്തിലെ മുഴുവന്‍ ഭൂമിയിലെയും നിര്‍മാണം നിയമവിരുദ്ധമായി കണ്ടെത്തി പട്ടയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റ്, മാത്യു കുഴല്‍നാടന്‍ വഴി ഹര്‍ജി നല്‍കി. ഇതോടെ കേരളത്തിലാകെ ഈ പട്ടയപ്രകാരം നല്‍കിയ ഭൂമിയിലെ നിര്‍മാണങ്ങള്‍ നിയമവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലിനെതിരെ കോണ്‍ഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ പി ചിദംബരത്തെയിറക്കി ഹൈക്കോടതി വിധി ശരിവപ്പിച്ചു. ഉണ്ടായിരുന്നത് ഒരുവഴി ജില്ലയിലെ നിര്‍മാണം സാധൂകരിക്കപ്പെടാന്‍ നിയമഭേദഗതി മാത്രമാണ് വഴിയെന്ന് ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് 1960ലെ ഭൂ നിയമം ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2024സെപ്‍തംബറില്‍ നിയമസഭയില്‍ ബില്‍ പാസാക്കി. ജനരോഷം ഭയന്ന് നിയമസഭയില്‍ പിന്തുണയ്‍ക്കുകയും പുറത്ത് ബില്ല് കത്തിക്കുകയുമാണ് യുഡിഎഫ് ചെയ്‍തത്. ഭൂ നിയമം പാസാക്കിയശേഷം ചട്ട ഭേദഗതിയിലൂടെയാണ് പ്രാബല്യത്തിലാക്കേണ്ടത്. ചട്ട ഭേദഗതി മന്ത്രിസഭ അംഗീകരിച്ചതിലൂടെ ഹൈക്കോടതി നിയമവിരുദ്ധമെന്ന് കണ്ടെത്തിയ ജില്ലയിലെ മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും നിയമപരിരക്ഷയും സാധൂകരണവുമാണ് ലഭിക്കുന്നത്. ചെറുതും വലുതുമായ മുഴുവന്‍ വീടുകള്‍ക്കും ഒരുരൂപ പോലും പിഴയില്ലാതെ സാധൂകരിക്കാം. 3000ചതുരശ്ര അടിവരെയുള്ള വാണിജ്യസ്ഥാപനങ്ങളും സാധൂകരിക്കപ്പെടും. മുഴുവന്‍ പൊതുസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും പൂര്‍ണമായും സ്വതന്ത്രമാകും. 3000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് നാമമാത്രമായ ഫീസ്. 50,000 ചതുരശ്രയടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്കാണ് നിരക്കില്‍ വര്‍ധന. ജില്ലയില്‍ ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ ചുരുക്കമാണ്. ഉള്ളത് മറ്റ് ജില്ലകളിലെ വന്‍കിട ബിസിനസുകാരുടേതാണ്. അക്ഷരാര്‍ഥത്തില്‍ മുഴുവൻ സാധാരണക്കാരും ചട്ട ഭേദഗതിയിലൂടെ സ്വതന്ത്രരാക്കപ്പെടും. കോടതി വ്യവഹാരങ്ങളിലൂടെ ഇടുക്കിക്കാരെ വഞ്ചിച്ച ജാള്യത മറയ്‍ക്കാനുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ശ്രമങ്ങള്‍ വിലപ്പോവില്ല. പൊട്ടന്‍ ആനയെ കണ്ടതുപോലെയാണ് എംപി ചട്ട ഭേദഗതിയെക്കുറിച്ച് വിവരക്കേട് പറയുന്നതെന്നും ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് പറഞ്ഞു.









0 comments