കുടപിടിച്ചും നാണം മറയ്ക്കാം

അണി: അല്ല നേതാവേ, ഇന്നത്തെ ഒച്ചപ്പാട് എവിടെയാ? വാട്‍സാപ്പ് ഗ്രൂപ്പിൽ മുദ്രാവാക്യം കണ്ടില്ലല്ലോ. നേതാവ്: പുതിയതൊന്നുമില്ലെടാവേ, നമുക്കാ ആശുപത്രി തന്നെ പിടിക്കാം അണി: അത് ഉൾട്ടയടിക്കില്ലേ, നമ്മുടെ കാലത്തോയെന്ന് തിരിച്ചുചോദിച്ചാലോ? നേതാവ്: അപ്പോ പതിവുപോലെ കൊഞ്ഞനംകുത്താം... പ്രതിപക്ഷത്തിന്റെ, വിശേഷ്യാ കോൺഗ്രസുകാരുടെ ഒരുദിവസം തുടങ്ങുന്നത് ഇങ്ങനെയാണിപ്പോൾ. പുതിയ മുദ്രാവാക്യങ്ങളൊന്നുമില്ല. അതുകൊണ്ട് വീണിടം വിദ്യയാക്കുന്ന സ്ഥിരം ഏർപ്പാട്. അടിമാലിയിലും വ്യത്യാസമില്ലാതെ സമരത്തിരക്കാണ്. ഈരിനെ പേനാക്കി, എച്ചിൽ ഇലയ്‍ക്ക് പിന്നാലെ നായ്‍ക്കൾ ഓടുന്നപോലെയാണ് പരക്കംപാച്ചിൽ. ആശുപത്രിയുടെ പേരിൽ കച്ചകെട്ടിയിറങ്ങിയവരെ ഭൂതകാലമാണ് തിരിഞ്ഞുകൊത്തുന്നത്. ആശുപത്രി കെട്ടിടമില്ല, മരുന്നില്ല, ഡോക്ടർമാരില്ല, മെഡിക്കൽ കോളേജുപോലും തകര ഷെഡിൽ. അതെല്ലാം ‘വിട്ടുകള വർക്കിച്ചാ’ എന്നാണ് നിലപാട്. ആശുപത്രി ജീവനക്കാരെ ഉൾപ്പെടെ കൈയേറ്റം ചെയ്‍താണ് സമരനാടകം. വീണു കിട്ടുന്നതെന്തും പ്രത്യേകിച്ച് അടിമാലിയിലെ യൂത്തുകാർ മുതലെടുക്കാൻ കണ്ഠകോടാലി മിനുക്കിയിറങ്ങാറുണ്ട്. ഉദര നിമിത്തം ബഹുകൃത വേഷമെന്ന നിലയിൽ ടൗണിൽ ചുറ്റിത്തിരിയുന്ന ഇവറ്റകൾക്ക് സ്വവികസനമാണ് പ്രധാനം. പിന്നെ മുതലെടുപ്പും നനഞ്ഞിടം കുഴിക്കലും. അതിനായി വേണമെങ്കിൽ പൊലീസിന്റെ കഴുത്തിൽ കുത്തിപ്പിടിക്കും, ആശുപത്രി ജീവനക്കാരെ തെറിപറയും. താലൂക്കാശുപത്രി ഭരണനിർവഹണ ചുമതല ബ്ലോക്ക് പഞ്ചായത്തിനാണെങ്കിലും ആ അനാസ്ഥ തൽക്കാലം മറച്ചാണ് സമര പുളകിതരായത്. ചികിത്സ തടസപ്പെടുത്തുന്നതും ഇവർക്കൊരു ഹരമാണ്. വല്ലപ്പോഴും വീണു കിട്ടുമ്പോൾ അത് അവസരമാക്കി മുന്നോട്ടു പോകാനാണ് തെരഞ്ഞെടുപ്പു കാലത്തെ കോൺഗ്രസ് അജൻഡ. ഒറ്റപ്പെട്ട സംഭവം ഉണ്ടായാൽ അതിനെ പൊതുവൽക്കരിച്ച് എടുത്തൊരു ചാട്ടം തന്നെ. ഊരിയെടുത്താൽ കഴുക്കോൽ ലാഭമാക്കാം.









0 comments