എയും അല്ല ഐയുമല്ല, സിപിയാണ് പ്രശ്‍നമെന്ന് കോണ്‍ഗ്രസ്
ഡിസിസിക്കെതിരെ മുട്ടത്ത് പോസ്റ്റര്‍ പ്രചാരണം

കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റി ഡിസിസി നേതൃത്വത്തിനെതിനെ പതിച്ച പോസ്‌റ്റർ
തൊടുപുഴ
കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയും ഡിസിസിയുമായുള്ള വിഭാഗീയത രൂക്ഷമാകുന്നു. ഡിസിസി നേതൃത്വത്തിനെതിരെ മുട്ടം മണ്ഡലത്തില്‍ പലയിടങ്ങളിലും പോസ്റ്റര്‍ പ്രചാരണം ശക്തമായി. മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോനെ സ്ഥാനത്തുനിന്ന് നീക്കിയ ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ നടപടിയില്‍ പ്രാദേശിക നേതൃത്വത്തിനുള്ള അതൃപ്‍തിയാണ് ഇപ്പോള്‍ പോസ്‌റ്റർ പ്രചാരണം വരെയെത്തിയിരിക്കുന്നത്. ‘എയും ഐയുമല്ല പ്രശ്‌നം സിപിയാണ് പ്രശ്‌നം’, ഒരു മണ്ഡലത്തിലെ പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തവരോ ജില്ലയിലെ പ്രശ്‌നം പരിഹരിക്കുന്നത്’, നേതൃത്വം മറുപടി പറയുക, കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് ആര്, കെപിസിസി നിയമിച്ചത് മാറ്റാൻ ഡിസിസിക്ക് അധികാരമുണ്ടോ തുടങ്ങിയ പ്രതിഷേധ വരികളെഴുതിയ പോസ്‌റ്ററുകൾ സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പ്രചരിപ്പിച്ചിട്ടുള്ളത്. മണ്ഡലം പ്രസിഡന്റിനെ കാശുവാങ്ങി നിയമിക്കാമോ എന്നും പോസ്റ്ററുകളിലുണ്ട്. മുട്ടം മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കിയതില്‍ തര്‍ക്കമുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്‍ക്കൻ സമ്മതിച്ചിരുന്നു. ഇത് സംബന്ധിച്ച് കെപിസിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ എട്ടിനാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു ഷൈജ ജോമോനെ മുട്ടം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതായി ഉത്തരവിറക്കിയത്. പകരം ഡിസിസി അംഗം ബിജോയ് ജോണിന് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു. സി പി മാത്യുവിന്റെ നടപടിയില്‍ അനുകൂല, പ്രതികൂല അഭിപ്രായങ്ങളുണ്ട്. 2024 ജൂലൈയിലും ഷൈജ ജോമോനെ സി പി മാത്യു പുറത്താക്കിയിരുന്നെങ്കിലും രണ്ടുദിവസം കഴിഞ്ഞപ്പോള്‍ തീരുമാനം മരവിപ്പിച്ച് കെപിസിസി ഉത്തരവിറക്കി. ഇത്തവണയും തീരുമാനം മരവിപ്പിക്കാനാണ് സാധ്യതയെന്നാണ് ജില്ലാ ചുമതലക്കാരന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.









0 comments