പിടി വിടാതെ ഡിസിസി പ്രസിഡന്റ്, വനിതാ നേതാവിനെ നീക്കി

തൊടുപുഴ
കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് ഷൈജ ജോമോനെ സ്ഥാനത്തുനിന്ന് നീക്കി ഡിസിസി. കെപിസിസിയും ഡിസിസിയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും തീരുമാനിച്ചറിയിക്കുന്ന പാർടി പരിപാടികളിൽ നിരന്തരമായി ഗുരുതര വീഴ്‍ച വരുത്തുന്നതിനാലാണ് നടപടി. ഇത് വ്യക്തമാക്കിയാണ് ഡിസിസി പ്രസിഡന്റ് സി പി മാത്യു കഴിഞ്ഞ എട്ടിന് കത്ത് നൽകിയിരിക്കുന്നത്. പകരം ഡിസിസി അംഗം ബിജോയ് ജോണിന് താൽക്കാലിക ചുമതല നൽകുന്നതായും കത്തിലുണ്ട്. എന്നാൽ ഡിസിസി പ്രസിഡന്റിന്റെ നടപടിയിൽ മുട്ടത്തെ പ്രാദേശിക നേതൃത്വത്തിന് അസംതൃപ്‍തിയുണ്ടെന്നാണ് സൂചന. കഴിഞ്ഞ ജൂലൈയിൽ ഷൈജ ജോമോനെ പ്രവർത്തനത്തിൽ ഗുരുതര വീഴ്‍ച വരുത്തിയെന്നാരോപിച്ച് സി പി മാത്യു തന്നെ പുറത്താക്കിയിരുന്നു. പിറ്റേന്ന് തന്നെ കഴിഞ്ഞപ്പോൾ ഈ തീരുമാനം മരവിപ്പിച്ച് കെപിസിസി ഉത്തരവിറക്കി. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദമില്ലാതെ എടുത്ത തീരുമാനം മരവിപ്പിക്കുന്നു എന്നായിരുന്നു ഉത്തരവിൽ. വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് ഷൈജ ജോമോനെ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യ സ്വഭാവമാണെന്നാണ് പ്രാദേശിക വിമർശനം. എന്നാല്‍ കെപിസിസി നേതൃത്വത്തിന് ഇത്തരമൊരു നിയമനത്തിന്റെ വിവരം അറിയില്ലെന്നാണ് സൂചന.









0 comments