ഹെലിബറിയ ടീ കമ്പനിയിൽ എച്ച്ഇഇഎ പ്രതിഷേധിച്ചു

തൊഴിലാളികളുടെ അവകാശങ്ങൾ നൽകി തോട്ടം തുറക്കണം

elappara

ഉടമ ഉപേക്ഷിച്ചു പോയതിനെ തുടർന്ന് പ്രവർത്തനം നിലച്ച ചെമ്മണ്ണിലെ കമ്പനി തേയില ഫാക്ടറി

വെബ് ഡെസ്ക്

Published on Aug 22, 2025, 12:42 AM | 1 min read

ഏലപ്പാറ

അടച്ചുപൂട്ടിയ ഹെലിബറിയ ടീ കമ്പനി ഉടമയ്ക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം ശക്തമായി. തൊഴിലാളികൾക്ക് നൽകേണ്ട അവകാശങ്ങൾ കൊടുത്തുതീർത്ത് തോട്ടം തുറക്കണമെന്ന് ഹിൽറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ(സിഐടിയു) ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ തോട്ടം പ്രവർത്തനം നിർത്തിവച്ച് നാടുവിട്ട ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഉടമയുടെ തൊഴിലാളിവിരുദ്ധ നടപടിയെ തുടർന്ന് ഡെപ്യൂട്ടി ലേബർ കമീഷണർ ഉടമയെയും ട്രേഡ് യൂണിയൻ പ്രതിനിധികളെയും ആലുവയിൽ ചർച്ചയ്ക്ക് വിളിച്ചെങ്കിലും ഉടമ എത്തിയില്ല. തോട്ടം പ്രതിനിധികളെ ചർച്ചയ്ക്ക് അയച്ചതിലും ട്രേഡ് യൂണിയനുകൾക്ക് കടുത്ത അമർഷമുണ്ട്. തൊഴിലാളികളുടെ ശമ്പളത്തിൽനിന്ന്‌ പിടിച്ച 58 മാസത്തെ പിഎഫ് അടച്ചിട്ടില്ല. പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി നൽകിയിട്ടില്ല. അടിമകളെപ്പോലെ പണിയെടുക്കുന്ന 400 അതിഥിത്തൊഴിലാളികൾക്ക് രണ്ട്‌ മാസത്ത ശമ്പളം നൽകിയിട്ടില്ല. ഇവരുടെ കുട്ടികൾ പട്ടിണിയിലാണ്. ഒരുദിവസത്തെ ശമ്പളം ലഭിക്കണമെങ്കിൽ 60 കിലോ പച്ചക്കൊളുന്ത് എടുക്കണം. അതിന് ലഭിക്കുന്നത് 427 രൂപ മാത്രം. ഇവർക്ക് മറ്റ് സ്ഥിരം തൊഴിലാളികൾക്ക് ലഭിക്കുന്ന പരിരക്ഷയും തോട്ടം ഉടമ നൽകുന്നില്ല. 
 സ്ഥിരം തൊഴിലാളികൾ കാർഷിക വികസന ബാങ്കിൽനിന്നു സ്വന്തം ജ്യാമ്യത്തിൽ എടുത്ത വായ്പ കമ്പനി മാസംതോറും തൊഴിലാളിയുടെ ശമ്പളത്തിൽനിന്നു പിടിച്ച് ബാങ്കിൽ അടക്കണം. ഇതും അടയ്ക്കാതെ വീഴ്ചവരുത്തി. ആറുമാസം മുമ്പ് സമാന രീതിയിൽ ഉടമ തോട്ടം പൂട്ടിയപ്പോൾ ട്രേഡ് യൂണിയൻ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന്‌ നടന്ന ചർച്ചയിൽ എടുത്ത കരാറും പാലിക്കപ്പൈട്ടില്ല. തോട്ടംവക ഭൂമിവിറ്റ് തൊഴിലാളികളുടെ ബാധ്യത തീർക്കുമെന്ന കരാറിലാണ്‌ ഉടമ ഒപ്പിട്ടത്‌. എന്നാൽ, ഭൂമി വിറ്റ് കിട്ടിയ പണത്തിൽ കരാർ പ്രകാരം ഒരുരൂപപോലും തൊഴിലാളികൾക്ക്‌ നൽകിയില്ല. തൊഴിലാളികളുടെ ജീവിതം തകർക്കുന്ന നിലപാടുമായി തോട്ടം ഉടമ മുന്നോട്ടുപോയാൽ തൊട്ടടുത്തുള്ള പീരുമേട് ടീ കമ്പനി ഉടമ രാമകൃഷ്ണശർമയുടെ അവസ്ഥയുണ്ടാകുമെന്ന് എച്ച്ഇഇഎ പ്രസിഡന്റ് പി എസ് രാജനും ജനറൽ സെക്രട്ടറി കെ ടി ബിനുവും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home