സിബിഎസ്ഇ സഹോദയ കലോത്സവത്തിന് തിരിതെളിഞ്ഞു

സിബിഎസ്ഇ സഹോദയ കലോത്സവം അടിമാലി വിശ്വദീപ്തി സ്കൂളില്‍ കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്യുന്നു
അടിമാലി
പതിനാലാമത് സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിന് അടിമാലി വിശദീപ്തി പബ്ലിക് സ്കൂളിൽ തിരി തെളിഞ്ഞു. കലക്ടർ ഡോ ദിനേശൻ ചെറുവത്ത് ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് ഫാ. ഡോ സിജൻ പോൾ ഊന്നുകല്ലേൽ അധ്യക്ഷനായി. സിനിമാതാരം സുമേഷ് ചന്ദ്രൻ, സഹോദയ സെക്രട്ടറി സിസ്റ്റർ ഷെറിൻ തെക്കേൽ, ഫാ. സുജിത്ത് തൊട്ടിയിൽ, ഫാ. ഡോ രാജേഷ് ജോർജ്, സിസ്റ്റർ അൻസിൽ, സ്കൂൾ മാനേജർ ഫാ ഷിന്റോ കോലോത്തുപടവിൽ, സഹോദയ ജോയിന്റ് കൺവീനർ ഫാ. ജിയോ ജോസ്, പിടിഎ പ്രസിഡന്റ്. വർഗീസ് പീറ്റർ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 31 സിബിഎസ്ഇ സ്കൂളുകളിൽ നിന്നായി 2500 മത്സരാര്‍ഥികളാണ് രണ്ടുദിവസത്തെ കലാമാങ്കത്തിൽ മാറ്റുരയ്ക്കുന്നതിനായി അടിമാലി വിശ്വദീപ്തി സ്കൂളിൽ എത്തിയിരിക്കുന്നത്. ആദ്യദിനം കുച്ചിപ്പുടി, ഭരതനാട്യം, തിരുവാതിര, നാടോടി നൃത്തം, മൂകാഭിനയം തുടങ്ങിയവ വേദിയിൽ വർണ്ണങ്ങൾ വിതറുന്ന കാഴ്ചയായി. അറബി പദ്യങ്ങളുടെ ശീലകളുമായി മാപ്പിളപ്പാട്ടും, ശുദ്ധ സംഗീതവുമായി ലളിതഗാനവും, മലയാളം,ഇംഗ്ലീഷ്, സംസ്കൃതം, ഹിന്ദി പദ്യപാരായണ മത്സരവും പ്രസംഗം മത്സരവും വേദിയിൽ അരങ്ങേറി. ഭാരത സംസ്കാരത്തിന്റെ താളമേളങ്ങളായ തബലയും മൃദംഗവും ഓടക്കുഴലും കാഴ്ചക്കാരിൽ സന്തോഷം നിറച്ചപ്പോൾ പാശ്ചാത്യ സംഗീതത്തിൽ ഗിറ്റാറും വയലിനും ഒപ്പത്തിനൊപ്പം മുന്നേറി. ആദ്യദിന മത്സരങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 1500ലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. മത്സരങ്ങളിൽ 585 പോയിന്റുമായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തും, 582 പോയിന്റുമായി തൂക്കുപാലം വിജയമാതാ പബ്ലിക് സ്കൂൾ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തും, 509 പോയിന്റുമായി ക്രിസ്തുജ്യോതി രാജാക്കാട് മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് കലോത്സവ വേദിയിൽ വിവിധ സ്റ്റേജുകളിലായി ഏകാങ്ക നാടകം, സംഘനൃത്തം, കോൽക്കളി, ഒപ്പന, മാർഗംകളി,പാശ്ചാത്യസംഗീതം, മോഹിനിയാട്ടം, ദേശഭക്തിഗാനം, സംഘഗാനം, ശാസ്ത്രീയ സംഗീതം,ലളിതഗാനം,മോണോ ആക്ട്, മിമിക്രി, വിവിധ ഭാഷകളിലെ പദ്യപാരായണവും പ്രസംഗമത്സരങ്ങളും അരങ്ങേറും.









0 comments