ഒരു കോടി അനുവദിച്ച് സർക്കാർ
പള്ളിക്കുന്ന് സിഎസ്ഐ പള്ളി പൈതൃക ടൂറിസത്തിലേക്ക്

പള്ളിക്കുന്ന് സി എസ്ഐ പള്ളി
പീരുമേട്
ബ്രിട്ടീഷ് ചരിത്രവും തോട്ട വ്യവസായ പ്രാധാന്യവും നിറഞ്ഞ പള്ളിക്കുന്ന് സെന്റ് ജോർജ് സിഎസ്ഐ പള്ളിയെ (പഴയ ബ്രിട്ടിഷ് പള്ളി) പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു. തീർഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പൈതൃക തീർഥാടന ടൂറിസവികസനത്തിന്റെ ഭാഗമായി മന്ത്രി മുഹമ്മദ് റിയാസും ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ മാർച്ചിൽ പള്ളിക്കുന്ന് സന്ദർശിച്ചിരുന്നു. വിനോദ സഞ്ചാരത്തിന് യോജ്യമാംവിധം വികസന സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് 99,92,380 രൂപ അനുവദിച്ചിരിക്കുന്നത്. പള്ളിക്കുന്ന് പള്ളി പോലെ കാഴ്ചയ്ക്കൊപ്പം, ചരിത്രവും പൈതൃകവും വിളിച്ചോതുന്ന സ്ഥലങ്ങൾ ടൂറിസത്തിന് മുതൽ കൂട്ടാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത് സംബന്ധിച്ച് ടൂറിസം വകുപ്പ് തയ്യാറാക്കി സമർപ്പിച്ച പ്രൊജക്ട് തിരുവനന്തപുരത്ത് ചേർന്ന വർക്കിങ് ഗ്രൂപ്പ് അംഗീകരിക്കുകയായിരുന്നു. പ്രവേശന കവാടം, ഇരിപ്പിടങ്ങൾ, ചിൽഡ്രൻസ് പാർക്ക്, വൈദ്യുതി വിളക്കുകൾ, മാലിന്യ സംഭരണികൾ എന്നിവ പദ്ധതിയിൽ നടപ്പാക്കും. ബ്രിട്ടീഷ് രൂപശൈലിയിൽ നിർമിച്ച ദേവാലയം, തോട്ട വ്യവസായത്തിന്റെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ജോൺ ഡാനിയൽ മൺറോയുടെ ഉൾപ്പെടെയുള്ള വിദേശികളുടെ ശവകുടിരങ്ങൾ, ഡൗണി എന്ന വെള്ളക്കുതിരയുടെ കല്ലറ, എന്നിങ്ങനെ അപൂർവചരിത്ര സാക്ഷ്യം നിറഞ്ഞ ദേവാലയത്തിലേക്കു കൂടുതൽ സഞ്ചാരികളെ എത്തിക്കുകയാണ് വിനോദ സഞ്ചാര വകുപ്പിന്റെ ലക്ഷ്യം. തീർഥാടന ടൂറിസം പദ്ധതിയിൽ പള്ളിക്കുന്നു ദേവാലയത്തെ പരിഗണിച്ച നടപടിയെ സ്വാഗതം ചെയ്യുന്നതായി സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് വി എസ് ഫ്രാൻസിസ് പറഞ്ഞു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ അഭിനന്ദിക്കുന്നതിനൊപ്പം, പദ്ധതിക്കായി പരേതാനയ വാഴൂർ സോമൻ എംഎൽഎ നടത്തിയ പ്രയത്നങ്ങളെ സ്മരിക്കുന്നതായും ബിഷപ് പറഞ്ഞു.









0 comments