ബെവ്കോ ഔട്ട്ലെറ്റുകളിൽ വിജിലൻസ് പരിശോധന
സ്വകാര്യ കമ്പനികൾ ഇൻസെന്റീവ് പണമായി വിതരണം ചെയ്യുന്നത് പിടികൂടി

തൊടുപുഴ
ജില്ലയിലെ ബീവറേജസ് ഔട്ട് ലെറ്റുകളിൽ സ്വകാര്യ കമ്പനികൾ ഇൻസെന്റീവ് പണമായി വിതരണം ചെയ്യുന്നത് വിജിലൻസ് സംഘം പിടികൂടി. ഉദ്യോഗസ്ഥർക്ക് സ്വകാര്യ കമ്പനികള്‍ ഇൻസെന്റീവ് പണമായി വിതരണം ചെയ്യുമെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കൊച്ചറ ബീവറേജസ് ഔട്ട് ലെറ്റിലെ ജീവനക്കാർക്ക് ഇൻസെന്റീവ് വിതരണം ചെയ്യുന്നത് പിടികൂടിയത്. ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഏരിയ സെയിൽസ് മാനേജരെയും ഏരിയ സെയിൽസ് റെപ്രസെന്ററ്റീവിനെയും പണം വാങ്ങാൻ എത്തിയ ബെവ്‌കോ ഔട്ട് ലെറ്റിലെ ജീവനക്കാരനെയുമാണ് പിടികൂടിയത്. വിവിധ ഔട്ട് ലെറ്റുകളിൽ വിതരണത്തിനായി കരുതിയിരുന്ന 50,040- രൂപയും, 12 ബെവ്‌കോ ഔട്ട് ലെറ്റുകളിലായി വിതരണം ചെയ്ത 81,130- രൂപയുടെ വിവരങ്ങളും പിടിച്ചെടുത്തു. വിജിലൻസ് അടുത്തനാളിൽ കൊച്ചറ ഔട്ട്‌ലെറ്റിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരന്റെ സ്കൂട്ടറിൽനിന്നും ഇരുപതിനായിരം രൂപ പിടിച്ചെടുത്തിരുന്നു. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷാജു ജോസ്, ഇൻസ്പെക്ടർ ബിൻസ് ജോസഫ്, സബ് ഇൻസ്പെക്ടർമാരായ ബിനോയ് തോമസ്, ബേസിൽ പി ഐസക്, എം ബി മൈതീൻ, പൊലീസ് ഉദ്യോഗസ്ഥരായ സന്ദീപ് ദത്തൻ, അർജുൻ ഗോപി, അരുൺ രാമകൃഷ്ണൻ, ശ്രീജിത്ത് കൃഷ്ണൻ എന്നിവരും പങ്കെടുത്തു.









0 comments