നെടുങ്കണ്ടം ബിഎഡ് കോളേജ്
പുതിയ കെട്ടിടത്തിന് കല്ലിട്ടു

നെടുങ്കണ്ടം ബിഎഡ് കോളേജ് കെട്ടിട നിർമാണം എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
നെടുങ്കണ്ടം
നെടുങ്കണ്ടം കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ പുതിയ കെട്ടിടത്തിന് എം എം മണി എംഎൽഎ കല്ലിട്ടു. കോളജ് വികസന കമ്മിറ്റി ചെയർമാൻ പി എൻ വിജയൻ അധ്യക്ഷനായി. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ അനുവദിച്ചാണ് ഇന്റഗ്രേറ്റഡ് ബിഎഡ് കെട്ടിട സമുച്ചയം യാഥാർഥ്യമാകുന്നത്. സിപാസിന്റെ ബിൽഡിങ് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും ഇതിനായി അനുവദിച്ചിട്ടുണ്ട്. 24,986 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നു നിലകളിലായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. ഓഡിറ്റോറിയം, സ്മാർട്ട് ക്ലാസ്റൂമുകൾ, ഓഫീസ് റൂം, മിനി കോൺഫറൻസ് ഹാൾ, മൾട്ടി പർപ്പസ് ഹാൾ, സെമിനാർ ഹാൾ, ലൈബ്രറി, ശുചിമുറി ബ്ലോക്ക് എന്നിവയുണ്ടാകും. 1992 മുതൽ എംജി സർവകലാശാല നേരിട്ടുനടത്തുന്ന സ്ഥാപനം റീജിയണൽ കോളേജ് എന്ന പദവി നേടിയതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സിപാസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഉടുമ്പൻചോല താലൂക്കിലെ ഏക ബിഎഡ് കോളേജുകൂടിയാണ്. വികസനത്തിന് എം എം മണി എംഎൽഎ യുടെ സജീവ ഇടപെടലുകളുണ്ട്. 33 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള കോളേജ് നാക്ക് അക്രഡറ്റിറ്റേഷൻ നേടി ഇന്റഗ്രേറ്റഡ് പദവിയിലേക്ക് മാറുന്നതിനുള്ള ശ്രമത്തിലാണ്. കെട്ടിട സമുച്ചയം യാഥാർഥ്യമാകുന്നതോടെ ജില്ലയിലെ ഏറ്റവും വലിയ ബിഎഡ് കോളേജായി കലാലയം മാറും. സി-പാസ് ഡയറക്ടർ പി ഹരികൃഷ്ണൻ, പ്രിൻസിപ്പൽ ഡോ. ജെ സതീഷ് കുമാർ, മുൻ പ്രിൻസിപ്പൽ ഡോ.രാജീവ് പുലിയൂർ, ജില്ലാ പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ്, കോളേജ് വികസന കമ്മിറ്റി അംഗങ്ങളായ ടി എം ജോൺ, എം എൻ ഗോപി, വി സി അനിൽ, പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ എന്നിവർ സംസാരിച്ചു.









0 comments