ദേശീയപാതയിലെ ഒരു ഉരുണ്ടുകളി

malanadan
വെബ് ഡെസ്ക്

Published on Aug 18, 2025, 12:16 AM | 1 min read

ഛായം തെളിയുമ്പോൾ തനിരൂപം വ്യക്തമാകണം. ഇവിടെ ഇതാ രാജാവിനെ പ്രജകൾ സംരക്ഷിക്കേണ്ട സ്ഥിതി. നാടിന്റെയും ജനതയുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു എംപിയുടെ നിസഹായാവസ്ഥ. വാർധക്യത്തില്‍ മുത്തച്ഛൻ ‘നിന്റെ കാലശേഷം എന്നെ ആരുനോക്കു’മെന്ന്‌ കൊച്ചുമകനോട്‌ ചോദിക്കുന്നപോലെയാണ്‌ പൊതുജനങ്ങള്‍ക്ക് മുന്നില്‍ എംപിയുടെ ജാമ്യമെടുക്കല്‍. നേര്യമംഗലം മുതൽ വാളറെ വരെ ദേശീയപാത നിർമാണം നിലച്ചിട്ട്‌ ഒരുമാസം പിന്നിടുന്നു. എംപി വല്ലപ്പോഴും ആ വഴിക്കൊക്കെ വരുന്നത് സ്വന്തം ഉത്തരവാദിത്വം മറച്ച്‌ നുണവിളമ്പി പന്ത്‌ അടുത്ത പറമ്പിലേക്കെറിയാനാണ്. ഇങ്ങനെ തീരാപ്പണികൊണ്ട്‌ എത്രനാൾ നേരം ഇരുട്ടിക്കുമെന്ന്‌ അടിമാലിക്കാരും മൂന്നാറുകാരും ചോദിച്ചു തുടങ്ങിയിട്ട്‌ നാളേറെയായി. ദേശീയപാത വികസനം എന്തായിരിക്കണമെന്ന് മുമ്പൊരു എംപിയുടെ മാതൃകയുണ്ട്. വികസന വിരുദ്ധനായ ബിജെപി നേതാവുമായി ഒത്തുകളിച്ച്‌ കോടതിയിൽ പ്രശ്‌നം സങ്കീർണമാക്കിയശേഷം സംസ്ഥാന സർക്കാരിന്റെ തലയിൽ കെട്ടിവയ്‌ക്കുക. ‘കണ്ണിൽകുത്തിയിട്ട്‌ കണ്ണീരിന്റെ കാരണം അന്വേഷിക്കുംപോലെ’. വികസനം മുടക്കാൻ ബിജെപിക്കൊരു പരിസ്ഥിതി സെല്ലുണ്ട്‌. ഇടുക്കിയുടെ വികസനത്തിൽ പുലബന്ധം പോലുമില്ലാത്ത ബിജെപിയുടെ വക്കാലത്ത്‌ പിടിക്കാൻ പരിവേഷ്‌ പോർട്ടലിൽ അപേക്ഷനൽകി പുലിവാൽ പിടിച്ചത്‌ മറയ്‌ക്കാനാണ് എംപിയുടെയീ ‘വീണിടം വിദ്യയാക്കല്‍’. ദേശീയപാത വികസനം തുടരുന്നതാണെന്നടക്കമുള്ളവ കോടതിയില്‍ വസ്‌തുതകൾ നിരത്താൻ കഴിയാതെ വഴിപാട്‌ പ്രവൃത്തിയുമായി പോകുമ്പോഴാണ്‌ ജനത്തിന്‌ ബാധ്യതയാകുന്നത്‌. തന്നെക്കെട്ടാനുള്ള കയർ കോടതിയിലും ബിജെപിക്കും താൻതന്നെ കൊടുത്താലുള്ള സ്ഥിതി. മലയോര കർഷകർക്കുമേൽ വച്ചുകെട്ടിയ ഏടാകൂടങ്ങൾ മറ്റുള്ളവരുടെ മേൽ കെട്ടാനുള്ള നിരവധി സംഭവങ്ങൾ മുമ്പുമുണ്ടായിട്ടുണ്ട്‌. 
 പന കയറിയിട്ടും പാള തൊടാതെ ഇറങ്ങേണ്ടി വരുമ്പോഴാണ്‌ തുടരെ നുണ പ്രസ്‍താവനകൾ, സന്ദർശനങ്ങൾ, വാർത്താസമ്മേളന ആശയക്കുഴപ്പം സൃഷ്ടിക്കൽ. കാർഡമം ഹിൽ റിസർവ്, ആനയാക്രമണം, ഭൂപ്രശ്നം എന്നിവയിലെല്ലാം സ്വന്തം നേതാക്കളും മുഖ്യമന്ത്രിമാരും എടുത്ത നിലപാടുകളെക്കുറിച്ച് മനസിലാക്കാതെ കള്ളം തലയിലേറ്റി മുതലപ്പിടി പിടിച്ചതും നാം കണ്ടതാണ്‌. കോൺഗ്രസ് ഭരണകാലത്ത് നൽകിയ ഭൂരേഖകളും റിപ്പോർട്ടും ഹർജികളും വച്ചാണ് കോടതിയിൽ തുടരെ ചോദ്യങ്ങൾ. നിർമാണ നിരോധനത്തിലടക്കം ഞങ്ങൾ ഉണ്ടാക്കുന്ന കുരുക്കുകളെല്ലാം നിങ്ങളഴിച്ചോളൂ, ഞങ്ങൾ കുടിയിറക്കും, നിങ്ങൾ പുനരധിവസിപ്പിച്ചോളൂ. ഞായവും മുറയും ഞഞ്ഞാപിഞ്ഞയും പറയാൻ ഞങ്ങളുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home