കായകൽപ്പ് അവാര്‍ഡ് കുടയത്തൂരിന് സമ്മാനിച്ചു

മൂലമറ്റം
പ്രഥമ കേരള ആയുഷ് കായകൽപ്പ് അവാര്‍ഡ് കുടയത്തൂർ ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി വീണാ ജോർജ് സമ്മാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ ആയുഷ് സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിനും ജനസൗഹൃദമാക്കുന്നതിനുമുള്ള അംഗീകാരമാണ് കായകല്പ് അവാര്‍ഡ്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് ഈ പുരസ്‌കാരം. ജില്ലയിൽ കുടയത്തൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുടയത്തൂർ പഞ്ചായത്തിന്റെ നിർണായക ഇടപെടലുകളാണ് നേട്ടത്തിന് തുണയായത്. അവാർഡ് നിർണായക കമ്മിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചു 92.1% മാർക്ക് നേടിയാണ് വെൽനസ്സ് സെന്ററിനെ അവാർഡിനാർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും മന്ത്രിയിൽ നിന്നും കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ എൻ ഷിയാസ്, സീനിയർ മെഡിക്കൽ ഓഫീസർ ഡോ: എൽ ജ്യോതിലക്ഷ്മി, അംഗങ്ങളായ എൻ ജെ ജോസഫ്, സി എസ് ശ്രീജിത്ത്, ഒ എ ഷിബിന, - ജി എ ഡി കുടയത്തൂർ എന്നിവർ ഏറ്റുവാങ്ങി. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ: കെ എസ് പ്രീയ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെറോം വി കുര്യൻ, ജില്ലാ നോഡൽ ഓഫീസർ ഡോ: വിജിത ആർ കുറുപ്പ് എന്നിവർ സന്നിഹിതരായി.








0 comments