ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 14
ഉയരാം, ഉണരാം അറിവിൻപഥങ്ങളിൽ

ഇടുക്കി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 14 ഉപജില്ലാതല മത്സരത്തിനൊരുങ്ങി നാട്. ശനിയാഴ്‌ച ഏഴ് ഉപജില്ലകളിലായി അഞ്ഞുറോളം സ്‌കൂളുകളിൽനിന്ന് വിജയികളായവർ മാറ്റുരയ്‍ക്കും. സ്‌കൂൾതല മത്സരത്തിൽ ഒന്ന്, രണ്ട് സ്ഥാനംനേടിയവർ വ്യക്തിഗതമായാണ് ഉപജില്ലയിൽ മത്സരിക്കുക. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ ആരംഭിക്കും. 9.30ന് ഉദ്‌ഘാടനസമ്മേളനവും 10ന് മത്സരവും. പങ്കെടുക്കാനെത്തുന്നവർ സ്‌കൂളിൽനിന്നുള്ള സാക്ഷ്യപത്രം കരുതണം. ജില്ലയിലെ എല്ലാ ഉപജില്ലകളിലും ഒരേസമയത്താണ് മത്സരം. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ലയിൽ കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിൽ നടൻ നൗഫൽ സത്താർ ഉദ്‌ഘാടനംചെയ്യും, അക്ഷരമുറ്റം ഉപജില്ലാ രക്ഷാധികാരി വി ആർ സജി സമ്മാനം നല്‍കും. നെടുങ്കണ്ടത്ത് കല്ലാർ ഗവ. എച്ച്‌എസ്‌എസിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ബിജു ജോർജ് ഉദ്‌ഘാടനംചെയ്യും. ഉപജില്ലാ രക്ഷാധികാരി വി സി അനിൽ സമ്മാനം നല്‍കും. മൂന്നാർ ഗവ. വൊക്കേഷണൽ എച്ച്‌എസ്‌എസിൽ അഡ്വ. എ രാജ എംഎൽഎ ഉദ്‌ഘാടനംചെയ്യും, എഇഒ സി ശരവണൻ സമ്മാനം നല്‍കും. അടിമാലിയിൽ കല്ലാർകുട്ടി ഗവ. ഹൈസ്‌കൂളിൽ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ജോഷി ഉദ്‌ഘാടനംചെയ്യും, ഈറ്റ, തഴ, കാട്ടുവള്ളി ക്ഷേമനിധി ബോർഡ് ചെയർമാൻ ചാണ്ടി പി അലക്സാണ്ടർ സമ്മാനം നല്‍കും. തൊടുപുഴ ഉപജില്ലയിൽ നെടുമറ്റം ഗവ. യുപി സ്‌കൂളിൽ ഡിവൈഎസ്‌പി പി കെ സാബു ഉദ്‌ഘാടനംചെയ്യും, നെടുമറ്റം സഹകരണ ബാങ്ക് പ്രസിഡന്റ് ബിനീഷ് പി ലൂക്കോസ് സമ്മാനം നല്‍കും. പീരുമേട്ടിൽ സിപിഎം ഗവ. ഹൈസ്‌കൂളിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനംചെയ്യും. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ സമ്മാനം നല്‍കും. അറക്കുളത്ത് കുടയത്തൂർ ജിഎച്ച്‌എസ്‌എസിലാണ് മത്സരം. ഉപജില്ലാ മത്സരവിജയികൾക്ക് യഥാക്രമം 1000, 500 രൂപ അവാർഡും മെമന്റോയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഹയർ സെക്കൻഡറി വിഭാഗത്തിനായി പ്രസംഗ മത്സരവും നടക്കും. ഒക്‍ടോബർ 12നാണ് ജില്ലാതലം.









0 comments