കാറും ജീപ്പും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

ചെളിമടയിലെ വാഹനാപകടം
കുമളി
കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ കുമളിക്ക് സമീപം ചെളിമടയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഞായർ രാവിലെ ഏഴോടെയായിരുന്നു അപകടം. ശബരിമല തീർഥാടനം കഴിഞ്ഞ് തമിഴ്നാട് വഴി തെലുങ്കാനയിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറും കുമളിയിൽനിന്നും സത്രത്തിലേക്ക് വിനോദസഞ്ചാരികളുമായി പോയ ജീപ്പുമാണ് കൂട്ടിയിടിച്ചത്. കാറിൽ ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരുണ്ടായിരുന്നു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. തെലങ്കാനയിലെ ദേവർകൊണ്ട സ്വദേശികളായ അരാം ഭരത്, പ്രശാന്ത്, അരവിന്ദ്, കിഷോർ എന്നിവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ജീപ്പ് യാത്രികൻ ബാലാജിയെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ജീപ്പിൽ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളേയുള്ളു. കുമളി പൊലീസെത്തി മേൽനടപടികളെടുത്തു.









0 comments