നാടകയാത്രയിലെ ചാക്കപ്പന്റെ പകർന്നാട്ടങ്ങൾ

ചാക്കപ്പൻ
avatar
സ്വന്തം ലേഖകൻ

Published on Aug 14, 2025, 12:16 AM | 1 min read

തൊടുപുഴ

അടുത്തതായി, കുട്ടികള്‍ ചേര്‍ന്നൊരുക്കുന്ന നാടകം ‘കറുത്തവെളിച്ചം’. കഥയിലെ കോളേജ് കുമാരി ആ വൈകുന്നേരത്തിന്റെ താരമായി. നിലയ്‍ക്കാത്ത കൈയടികളുടെ തുടക്കമാണ് അന്നത്തെ സ്‍കൂള്‍ വാര്‍ഷികവേദിയെന്ന് 14കാരൻ അറിഞ്ഞില്ല. ഒളമറ്റം തെരുവേല്‍ ടി കെ ചാക്കോ എന്ന തൊടുപുഴ ചാക്കപ്പന്റെ നാടകയാത്ര അവിടെ തുടങ്ങി. കോളേജ് കുമാരിക്ക് പിന്നാലെ 20ഓളം സ്‍ത്രീ കഥാപാത്രങ്ങള്‍. അങ്ങനെ മനസിലുറപ്പിച്ചു, നാടകം തന്നെ ജീവിതം. അമച്വര്‍ നാടകങ്ങളിൽ ആദ്യം ചുവടുറപ്പിച്ചു. 22 വര്‍ഷം അമച്വര്‍ വേദികളില്‍ ചാക്കപ്പന്റെ പകർന്നാട്ടങ്ങൾ. സി എൽ ജോസിന്റെ ‘ജ്വലനം’, മരടിന്റെ ‘ഉഷ്‍ണരേഖ’, ‘പള്ളിമേട’, ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടേ’, ‘പാപികൾക്ക് പറുദീസ’ തുടങ്ങി നിരവധി നാടകങ്ങളും പ്രിയപ്പെട്ട കഥാപാത്രങ്ങളും. കാലംനടന്നതനുസരിച്ച് ചാക്കോ പ്രൊഷണല്‍ നാടകത്തിലേക്കെത്തി. കൊല്ലം ആത്മമിത്ര, അനുപമ, ദൃശ്യകല തുടങ്ങി 16ഓളം സമിതികളില്‍ കളിച്ചു.

സിനിമാതാരങ്ങളടക്കം പ്രമുഖർക്കൊപ്പം വേദിപങ്കിട്ടു. ‘അത്യുന്നതങ്ങളിൽ ദൈവത്തിനു സ്‍തുതി’ 400 സ്റ്റേജിൽ കളിച്ചു. ജൂബിലിയുടെ ‘അമ്പാട്ടുപറമ്പിൽ അപ്പുണ്ണി മാമ'നിലെ മാനസികരോഗിയും കൊച്ചിൻ അനുപമയുടെ ‘അരമനയും അങ്ങാടിയും'ലെ വൃദ്ധ കഥാപാത്രവും ഏറ്റവും പ്രിയപ്പെട്ടവ. ​അഭിനയം തുടരുമ്പോഴാണ് നാട്ടിലെ റെസിഡൻസ് അസോസിയേഷൻ വാര്‍ഷികത്തിന് നാടകം അവതരിപ്പിക്കണമെന്ന് തീരുമാനിച്ചത്. എഴുത്ത് ചാക്കപ്പന്റെ ചുമതലയും. അങ്ങനെ കുടുംബ ബന്ധങ്ങളുടെ കഥപറഞ്ഞ ‘അമ്മയറിയാതെ’യുടെ എഴുത്തുകാരനായി. ‘ആ മനുഷ്യൻ നീ തന്നെ', ‘പ്രമാണം', ‘പീലാത്തോസ്’ തുടങ്ങിയവയെഴുതി. അമ്മയറിയാതെയടക്കം കഥകള്‍ ഉള്‍പ്പെടുത്തിയ ‘കനൽവഴികൾ’, "നീതിശാസ്‍ത്രം’ എന്നീ പുസ്‍തകങ്ങളും പ്രസിദ്ധീകരിച്ചു. 2010 മുതല്‍ 2020വരെ ഒളമറ്റം കൈരളി ലൈബ്രറേറിയൻ. ഈ വര്‍ഷം കേരളം സംഗീത നാടക അക്കാദമി നടത്തിയ നാടകരചനാ ക്യാമ്പില്‍ ജില്ലയെ പ്രതിനിധീകരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home