സ്‌മരണകളിരമ്പും ആ ചുവന്നപെട്ടി

തേക്കടി പെരിയാർ ഹൗസിന് മുന്നിലെ തപാൽപ്പെട്ടി
കെ എ അബ്‌ദുൾ റസാഖ്
Published on Sep 14, 2025, 12:30 AM | 1 min read
കുമളി
തേക്കടി പെരിയാർ ഹൗസിന്റെ മുന്നിൽ ഇന്നും നിലകൊള്ളുന്ന ചുവന്ന തപാൽപ്പെട്ടി തലമുറകളുടെ സന്ദേശങ്ങൾ വഹിച്ച ചരിത്രത്തിന്റെ ഒടുവിലത്തെ കണ്ണിയാണ്. എന്നാൽ കുറച്ചുവർഷങ്ങളായി കത്തുകളൊന്നുമെത്താതെ ഇൗ ചരിത്ര ‘സ്‌മാരകം’ വിസ്‌മൃതിയിലാണ്. ഒരുകാലത്ത് നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും സന്ദേശ വിനിമയങ്ങളുടെ കവാടമായിരുന്ന ഈ പെട്ടി. ഇന്നാൽ ഇന്ന് പുതുതലമുറക്ക് ഇത് വെറും കൗതുകവസ്‌തുവായി മാറിക്കഴിഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് നിർമാണത്തിനെത്തിയ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും കത്തുകൾ കൈമാറ്റം ചെയ്യാനാണ് തേക്കടിയിൽ പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നത്. ഇതിൽ നിക്ഷേപിച്ച പതിനായിരക്കണക്കിന് കത്തുകളാണ് വിദേശങ്ങളിലേക്ക് ഉൾപ്പെടെ കൈമാറ്റം ചെയ്തത്. ആശംസാകാർഡുകൾ, പുസ്തകങ്ങൾ എന്നിവയും വിദൂരങ്ങളിലേക്ക് യാത്രതിരിച്ചത് ഈ പെട്ടിയിലൂടെ തന്നെ. മുമ്പ് സബ് പോസ്റ്റ് ഓഫീസ് ആയിരുന്ന തേക്കടി പോസ്റ്റ് ഓഫീസ് ഇപ്പോൾ കുമളിയുടെ കീഴിലെ ബ്രാഞ്ചായി തരംതാഴ്‌ത്തി. ഇതോടെ 685536 എന്ന പിൻകോഡും ഇല്ലാതായി.
ടെലിഫോൺ, മൊബൈൽ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ വന്നതോടെ കത്തുകളുടെ പ്രാധാന്യം കുറഞ്ഞു. ഇതോടെ നിരവധി തപാൽ പെട്ടികൾ ഉപയോഗശൂന്യമായി. പലയിടങ്ങളിൽനിന്നും തപാൽ പെട്ടികൾ നീക്കി. കെടിഡിസിയ്‌ക്കു കീഴിലുള്ള ആരണ്യനിവാസിലെ തപാൽപ്പെട്ടി നേരത്തേ നീക്കം ചെയ്തിരുന്നു. ഇപ്പോൾ നൂറുവർഷം പിന്നിട്ട പെരിയാർ ഹൗസിലെ പെട്ടി മാത്രമാണ് ബാക്കി. വർഷങ്ങളായി, തുറക്കുമ്പോഴെല്ലാം അകം ശൂന്യമായിരുന്നു. ആരും കത്തുകൾ നിക്ഷേപിക്കുന്നില്ല. "നെക്സ്റ്റ് ക്ലിയറൻസ്’ എന്ന് എഴുതിയ പഴയ ബോർഡ് ഇപ്പോൾ ഓർമയായി. ‘അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല’ എന്ന എഴുത്ത് മായാതെ നിലനിൽക്കുന്നു. പക്ഷേ, പെട്ടിയിൽ ഇനിയൊരിക്കലും പുതിയ കത്തുകളോ കുറിപ്പുകളോ എത്തില്ലെന്നുറപ്പാണ്. ഒരിയ്ക്കൽ ബന്ധങ്ങളെ കൂട്ടിയിണക്കിയിരുന്ന കത്തുപെട്ടി സഞ്ചാരികൾക്കുൾപ്പെടെ ഇന്ന് കൗതുകക്കാഴ്‌ചയാണ്. ഉപയോഗരഹിതമായെങ്കിലും ഒരു സംസ്‌കാരത്തിന്റെ അടയാളമായി തേക്കടി പെരിയാർ ഹൗസിന്റെ ചുമരോടുചേർന്ന് നിൽക്കുന്നു.









0 comments