വീണ്ടും മഴ

മൂലമറ്റം കുളമാവിൽ മരം വീണ് അപകടം

കുളമാവ് പൊലീസ് സ്റ്റേഷനുസമീപം സംസ്ഥാനപാതയിൽ മരം വീണ് ഗതാഗതം മുടങ്ങിയപ്പോൾ

avatar
സ്വന്തം ലേഖകൻ

Published on Jul 20, 2025, 12:30 AM | 1 min read

ഇടുക്കി
ജില്ലയിൽ ആഴ്‌ചകളുടെ ഇടവേളയ്‌ക്കുശേഷം മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. മഴ അപ്രത്യക്ഷമായ നീണ്ട പകലുകൾക്ക്‌ വിടചൊല്ലി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ വിരുന്നെത്തി. കഴിഞ്ഞ മൂന്നുദിവസത്തിൽ ശരാശരി 113.46 മില്ലിമീറ്റർ (പ്രതിദിന ശരാശരി 37.82 മി.മീ). മഴയാണ്‌ ജില്ലയിൽ പെയ്‍തിറങ്ങിയത്‌. തൊടുപുഴ താലൂക്കിലായിരുന്നു കൂടുതൽ, ആകെ 171.7 മില്ലിമീറ്റർ (പ്രതിദിന ശരാശരി 57.23). കുറവ്‌ ഉടുമ്പൻചോലയിൽ, 72 മില്ലിമീറ്റർ (പ്രതിദിന ശരാശരി 14). മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്ന പീരുമേട് താലൂക്കിലാകെ 128 മില്ലിമീറ്റർ മഴ ലഭിച്ചു. ഇടുക്കിയിലും ദേവികുളത്തും 112.8 മില്ലിമീറ്റർ വീതമാണ്‌ ആകെ ലഭിച്ച മഴയുടെ അളവ്‌. വെള്ളി രാവിലെ 10 മുതൽ ശനി രാവിലെ 10 വരെ ശരാശരി 45.42 മില്ലിമീറ്റർ മഴയാണ്‌ ലഭിച്ചത്‌. ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച്‌ അലർട്ടായിരുന്നു. ഞായറാഴ്‌ചയും മുന്നറിപ്പ്‌ തുടരും. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മുന്നിൽകണ്ട്‌ അതീവ ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. മുല്ലപ്പെരിയാറിൽ 129.80 അടിയും ഇടുക്കിയിൽ 2363.38 അടിയുമാണ്‌ നിലവിലെ ജലനിരപ്പ്‌.

വേണം ജാഗ്രത
ഒറ്റപ്പെട്ടയിടങ്ങളിൽ ഞായർ മുതൽ ചൊവ്വ വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുണ്ട്. മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനുമുള്ള സാധ്യതകൾ കണക്കിലെടുത്ത്‌ ജാഗ്രത പാലിക്കണം. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. ഓല മേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണമെന്നും ദുരന്ത നിവാരണ വകുപ്പ്‌ അറിയിച്ചു. നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലി നിർത്തിവച്ച് സുരക്ഷിത ഇടത്തേക്ക് മാറണം.

കവചം മുന്നറിയിപ്പ്
ജില്ലയിൽ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പിന്റെ ഭാഗമായി കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ സൈറണുകൾ മുഴങ്ങുന്നതായിരിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home