ലോക ഹൃദയദിനം
എസ്എടിയിൽ കുഞ്ഞുങ്ങളുടെ സംഗമം

മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ സംഗമത്തില്‍ ഡോക്ടർമാർക്കൊപ്പം പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ശസ്ത്രക്രിയ നടത്തിയ കുട്ടികളും രക്ഷിതാക്കളും
തിരുവനന്തപുരം
എസ്എടി ആശുപത്രിയിലെ ചികിത്സയിലൂടെ ഹൃദയതാളം വീണ്ടെടുത്ത കുഞ്ഞുങ്ങളും രക്ഷിതാക്കളും, ജീവൻ രക്ഷിച്ച ഡോക്ടർമാർക്കൊപ്പം ഒത്തുകൂടി. ലോക ഹൃദയദിനത്തിൽ മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്റര്‍ ഹാളിലെ ഒത്തുചേരല്‍ അക്ഷരാർഥത്തിൽ ഹൃദയസംഗമമായി. ഒരിക്കൽ മക്കളുടെ ജന്മനായുള്ള ഹൃദ്‌രോഗങ്ങളിൽ മനസ്സ് പിടഞ്ഞെത്തിയവര്‍ മക്കളുടെ ജീവൻ രക്ഷിച്ച ഡോക്ടർമാർക്ക് ഈ വേദിയില്‍ നന്ദി അറിയിച്ചു. എസ്എടിയിൽ ചികിത്സ പൂർത്തിയാക്കിയ 73 കുട്ടികളും അവരുടെ രക്ഷിതാക്കളും സംഗമത്തിൽ പങ്കെടുത്തു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു അധ്യക്ഷയായി. ഹൃദ്യം പദ്ധതിയുടെ നോഡൽ ഓഫീസർ ഡോ. രാഹുൽ മുഖ്യാതിഥിയായി. ഡോ. ഹരികൃഷ്ണൻ, ഡോ. എസ് ലക്ഷ്മി, ഡോ. ഷർമിൻ നസ്രിൻ, ഡോ. ബി എസ് കല, ഡോ. രോഹിത് തുടങ്ങിയവർ സംസാരിച്ചു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ആശുപത്രിയും പീഡിയാട്രിക് കാർഡിയോളജി വിഭാഗവും നൽകിയ മികച്ച ചികിത്സയും പരിചരണവുമാണ് ആശുപത്രിയെ മികവിന്റെ കേന്ദ്രമാക്കിയത്. പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിലെ ചികിത്സ ഇതുവരെ 1280 കുട്ടികൾക്കാണ് പുതുജീവൻ നൽകിയത്. ഒന്നാം പിണറായി സർക്കാരാണ് ആറുകോടിയില്‍ കാത്ത് ലാബ് സൗകര്യമൊരുക്കിയത്. 2021-ൽ രണ്ടാം പിണറായി സർക്കാര്‍ പീഡിയാട്രിക് കാർഡിയാക് ഓപ്പറേഷൻ തിയറ്ററും സജ്ജമാക്കി. തുടർന്ന് നിരവധി ശസ്ത്രക്രിയകൾ വകുപ്പുമേധാവി ഡോ. എസ് ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്നു. 2024ൽ 299 കാർഡിയാക് ഇന്റര്‍വെൻഷനുകളും 43 ശസ്ത്രക്രിയകളും പൂർത്തിയാക്കി.










0 comments