ad
Deshabhimani

തിയറ്റർമുതൽ തീരംവരെ ലോകകപ്പ്‌

അൾട്ടിമേറ്റ്‌ വൈബ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 14, 2026, 11:59 PM | 1 min read

തിരുവനന്തപുരം

ഫുട്ബോൾ ലോകകപ്പ്‌ അവസാന പിരിമുറുക്കങ്ങളിലേക്ക്‌ കടക്കുമ്പോൾ അനന്തപുരിയിലും ആവേശം വാനോളം. മലബാറിനോളംപോന്ന ആഘോഷരാവുകൾക്ക്‌ തലസ്ഥാന നഗരിയും തീരപ്രദേശങ്ങളും സാക്ഷ്യം വഹിക്കും. മലയാളികൾക്കിടയിൽ ഏറെ പിന്തുണയുള്ള നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമിയിൽ പ്രവേശിച്ചതോടെ ആരാധക കൂട്ടായ്മകൾ ഉറക്കമുപേക്ഷിച്ചുള്ള കളിയാരവങ്ങൾക്കായി കാതോർക്കുമെന്ന്‌ ഉറപ്പ്‌. ഫ്രാൻസ്‌ – സ്‌പെയിൻ, അർജന്റീന– ഇംഗ്ലണ്ട്‌ ടീമുകളാണ്‌ സെമിയിൽ ഏറ്റുമുട്ടുക. ജനങ്ങൾക്ക്‌ കളി കാണാൻ വൻ സജ്ജീകരണങ്ങളാണ് നഗരത്തിൽ. സ‍ൗജന്യമായും ടിക്കറ്റ്‌ നിരക്കിലും കൂറ്റൻ സ്‌ക്രീനുകളിൽ കളി ആസ്വദിക്കാം. ഈഗിൾസ് എഫ്‌സി കേരളയുടെ നേതൃത്വത്തിൽ അയ്യായിരത്തിലധികം ആളുകൾക്ക് കാണാൻ സാധിക്കുന്ന വമ്പൻ എൽഇഡി സ്ക്രീനാണ്‌ ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്‌. ഫാൻ സോണുകൾ, ഫുട്ബോൾ ചലഞ്ചുകൾ, കഫേകൾ എന്നിവയും ഉണ്ടാകും. പേട്ട പള്ളിമുക്ക്‌, വഞ്ചിയൂർ പ്രദേശങ്ങളിലെ ഫുട്ബോൾ ക്ലബ്ബുകളും സ്ക്രീനുകൾ സ്ഥാപിച്ച് കളി കാണാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്‌. തമ്പാനൂർ പിവിആർ കൃപയിൽ 170–190 രൂപ ടിക്കറ്റ്‌ നിരക്കിൽ മത്സരങ്ങൾ കാണാം. ലുലു മാളിലെ പിവിആർ സിനിമാസിൽ വിവിധ നിരക്കിലുള്ള ടിക്കറ്റുകൾ ഇതിനകം വിറ്റുപോയി. വളരെ കുറച്ച്‌ ടിക്കറ്റുകൾ മാത്രമാണ്‌ അവശേഷിക്കുന്നത്‌. അർജന്റീന – ഇംഗ്ലണ്ട്‌ മത്സരത്തിന്റെ ടിക്കറ്റുകളും അതിവേഗമാണ്‌ വിറ്റുപോകുന്നത്‌. തീരമേഖലകളായ വിഴിഞ്ഞം, വലിയതുറ, മരിയനാട് എന്നിവിടങ്ങളും ഫുട്ബോൾ ലഹരിയിലാണ്. ഭീമാകാരമായ കട്ടൗട്ടുകളും പരമ്പരാഗത വള്ളങ്ങളിൽ വിവിധ ടീമുകളുടെ കൊടികൾ കെട്ടിയുമാണ്‌ തീരദേശം ഫുട്‌ബോൾ സ്‌നേഹം പ്രകടിപ്പിക്കുന്നത്‌. റോഡരികിലും മറ്റും വലിയ സ്ക്രീനുകളിൽ കളി കാണാൻ എത്തുന്ന ആരാധകരുടെ തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൽ പൊലീസ് സുരക്ഷയുമുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home