അനുമതി ലഭിച്ച പദ്ധതികളും തുടങ്ങിയില്ല
ഓണത്തിനും കുടിവെള്ളം മുടങ്ങുമോ


സ്വന്തം ലേഖകൻ
Published on Aug 19, 2026, 01:46 AM | 1 min read
തിരുവനന്തപുരം
ഓണക്കാലത്ത് കുടിവെള്ളം കിട്ടാതെ വലയേണ്ടിവരുമെന്ന ആശങ്കയിൽ നഗരവാസികള്‍. വിഴിഞ്ഞം തുറമുഖം, ടെക്‌നോപാർക്ക്, ടെക്‌നോ സിറ്റി, തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്ക് എന്നിങ്ങനെ തലസ്ഥാനം വളരുമ്പോഴും വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ നടപടിയെടുത്തിട്ടില്ല. പൈപ്പ് മാറ്റിസ്ഥാപിക്കല്‍പോലുള്ള അറ്റകുറ്റപ്പണികളില്‍ കോര്‍പറേഷനും സര്‍ക്കാരും മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന അടിയന്തര പരിഹാരനടപടികളിൽനിന്ന് പിന്നോട്ടുപോയതും കുടിവെള്ളക്ഷാമത്തിന് ഇടയാക്കിയിരുന്നു. ഓണക്കാലത്തും ഇത് ആവര്‍ത്തിക്കുമോ എന്ന പേടിയിലാണ് ജനങ്ങള്‍. രാജഭരണകാലത്ത് നിർമിച്ച അരുവിക്കര ഡാമിൽനിന്നാണ് വിതരണത്തിനുള്ള കുടിവെള്ളം എത്തിക്കുന്നത്. മണ്ണ് അടിഞ്ഞുകൂടി ഡാമിന്റെ സംഭരണശേഷി കുറഞ്ഞു. കുടിവെള്ളത്തിന്റെ ആവശ്യം വർധിച്ച ഘട്ടത്തില്‍ നെയ്യാറിൽനിന്ന് അരുവിക്കരയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. 120 എംഎൽഡി വെള്ളം നെയ്യാറിൽനിന്ന് എത്തിക്കുന്നതാണ് പദ്ധതി. ഭരണാനുമതി നൽകിയെങ്കിലും പദ്ധതി ഫയലിലാണ്. ഇപ്പോൾ ആരംഭിച്ചാൽ ഏകദേശം നാലുവര്‍ഷത്തില്‍ പൂർത്തിയാക്കാനാകും. മറ്റൊരു പദ്ധതി പേപ്പാറ ഡാമിന്റെ ഉയരം കൂട്ടുകയാണ്. നിലവിലുള്ള ഡാമിന്റെ ഉയരം മൂന്നു മീറ്റർ ഉയർത്താനാണ് നിർദേശം. നിലവില്‍ 107.5 മീറ്ററാണ്. അത് 110.5 മീറ്ററാക്കുന്നതിന് തടസ്സമില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാൽ, വനംവകുപ്പ് അനുമതി നൽകിയില്ല. പേപ്പാറ, നെയ്യാര്‍ പദ്ധതികള്‍ ഉടൻ ആരംഭിച്ചാല്‍ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ വിജയകുമാർ പൂജപ്പുര പറഞ്ഞു. ഇതുസംബന്ധിച്ച് ജലവിഭവവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പരാതികളും നിവേദനങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments