ad
Deshabhimani

എന്റെ കുഞ്ഞുങ്ങളെ 
ആര്‌ നോക്കും...

Who will look after my children...

റീജനും ഭാര്യ മേബലും മക്കളായ അഭിജിത്തും ആൻസിയും

avatar
സ്വന്തം ലേഖകൻ

Published on Jul 26, 2026, 01:07 AM | 1 min read

വെള്ളറട

"ഉണ്ണാനും ഉടുക്കാനും ശുചിമുറിയിൽ പോകാനും അടുത്തൊരാൾ വേണം... എന്റെ പെൺകുട്ടിയെ തനിച്ചാക്കിയിട്ട് ഞാനെങ്ങനെ പണിക്ക് പോകും? പണിക്ക് പോയില്ലെങ്കിൽ വീട്ടിൽ അടുപ്പ് പുകയില്ല...’ അമ്പൂരി തേക്കുപാറ കമ്യ‍‍ൂണിസ്റ്റ് മുക്കിലെ ‘റീജൻ ഭവനി'ലിരുന്ന് മേബൽ ചോദിക്കുന്ന നെഞ്ചുപൊട്ടുന്ന വാക്കുകളിലുണ്ട് മലയോരനാടിന്റെ നൊമ്പരം. കൂലിപ്പണിക്കാരനായ റീജന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ മേബലിന്റെയും മക്കളായ അഭിജിത്തും (19) ആൻസിയും (18) ജന്മനാ ശാരീരിക-–മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്. ഇരുവരെയും ബഡ്‌സ്‌ സ്‌കൂളിലാക്കിയാണ്‌ മാതാപിതാക്കൾ ജോലിക്ക്‌ പോയിരുന്നത്‌. എന്നാൽ, ഇപ്പോൾ തദ്ദേശ പദ്ധതിവിഹിതത്തിൽ സർക്കാർ ഭീമമായ കുടിശ്ശിക വരുത്തിയതോടെ ബഡ്‌സ് സ്‌കൂളുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്‌. സ്പെഷ്യൽ ടീച്ചർമാർക്കും ആയമാർക്കും ശമ്പളം ലഭിക്കാതെയായി. ഇതോടെ കുട്ടികളുടെ തെറാപ്പികളും ഫിസിയോതെറാപ്പി പരിശീലനങ്ങളും നിലച്ചു. വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, അമ്പൂരി പഞ്ചായത്തുകളിലായി 202 ഭിന്നശേഷി കുട്ടികൾക്കായി ആകെ 21,50,000 രൂപയുടെ ഭീമമായ കുടിശ്ശികയാണുള്ളത്. അമ്പൂരി പഞ്ചായത്തിലെ 40 ഭിന്നശേഷി കുട്ടികൾക്ക് 11,40,000 രൂപയും വെള്ളറടയിൽ 74 ഭിന്നശേഷി കുട്ടികൾക്ക് 2,85,000 രൂപയും ഒറ്റശേഖരമംഗലത്ത്‌ 48 ഭിന്നശേഷി കുട്ടികൾക്ക്‌ 3,80,000 രൂപയും ആര്യങ്കോട്ട്‌ 40 ഭിന്നശേഷി കുട്ടികൾക്ക്‌ 3,45,000 രൂപയും കുടിശ്ശികയുണ്ട്‌. പ്രതിമാസ സ്‌കോളർഷിപ്പുകളും ഉപകരണവിതരണവും തടസ്സപ്പെട്ടതോടെ സംസ്ഥാനത്താകെ 22,000ലധികം ഭിന്നശേഷി കുട്ടികളെയാണ്‌ ദുരിതത്തിലാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home