print edition ഇതാ ഇന്ത്യ: യുവരോഷത്തിൽ മോദി മുട്ടുകുത്തി; പ്രധാൻ പുറത്ത്

നീറ്റ് ചോദ്യചോർച്ചയിൽ മനംനൊന്ത് ആത്മഹത്യചെയ്‌ത് ഇരുപതിലധികം പേരുടെ ജീവന് പകരം ചോദിച്ച് ഇന്ത്യൻ യുവത.35 ദിവസംനീണ്ട ഐതിഹാസികമായ യുവജന–വിദ്യാർഥി പോരാട്ടത്തിലൂടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ അധികാരക്കസേരയിൽനിന്ന് താഴെയിറക്കി. ജന്തർമന്തറിനെ പ്രക്ഷോഭക്കടലാക്കി, സിജെപി തുടക്കംകുറിക്കുകയും പിന്നീട് ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പിന്തുണയോടെ രാജ്യമൊട്ടാകെ പടരുകയുംചെയ്‌ത പ്രക്ഷോഭക്കൊടുങ്കാറ്റിന് മുന്നിൽ സംഘപരിവാർ പ്രതിരോധങ്ങൾ ചിതറിവീണു. തെരുവിൽ പടർന്ന വിദ്യാർഥിക്കരുത്തിനുമുന്നിൽ മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യവും ധാർഷ്‌ട്യവും മുട്ടുമടക്കി.
ശനി പകൽ മൂന്നോടെ ധർമേന്ദ്ര പ്രധാൻ രാജിവച്ചു. തൊട്ടുപിന്നാലെ, പ്രധാനമന്ത്രി മോദിയുടെ ദൂതുമായി കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങും കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെത്തി സിജെപി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ മൂന്ന് പ്രധാന ആവശ്യങ്ങളും അംഗീകരിച്ചു. തുടർന്ന് മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രിമാർ ഇക്കാര്യം പ്രഖ്യാപിച്ചതോടെ കേന്ദ്രത്തിന്റെ കീഴടങ്ങൽ പൂർണമായി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതല പ്രൾഹാദ് ജോഷിക്ക് നൽകി.
മന്ത്രിയുടെ രാജി, സമരം ചെയ്‌തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കൽ, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകൽ എന്നീ ആവശ്യങ്ങളാണ് മോദിസർക്കാർ അംഗീകരിച്ചത്. പരീക്ഷയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ തീരുമാനം പിന്നീട്. ഉറപ്പുകൾ എഴുതി നൽകിയയോടെ പ്രക്ഷോഭം പിൻവലിക്കുന്നതായി സിജെപി പ്രഖ്യാപിച്ചു. സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസാണ് പ്രധാന്റെ രാജിക്കാര്യം പ്രക്ഷോഭകരെ അറിയിച്ചപ്പോൾ സമരഭൂമിയിൽ വിജയാഹ്ലാദം അണപൊട്ടി. സമരം നയിച്ച അഭിജീത് ദിപ്‌കെ, ബ്രിട്ടാസിനെ കെട്ടിപ്പുണർന്ന് സന്തോഷം പങ്കുവച്ചു. എസ്‌എഫ്‌ഐ രാജ്യവ്യാപകമായി ഞായറാഴ്‌ച വിജയാഹ്ലാദ പ്രകടനം നടത്തും.
സിജെപിയും ഇടതുപക്ഷ സംഘടനകളും 20ന് നടത്തിയ പാർലമെന്റ് മാർച്ച് കേന്ദ്രസർക്കാരിനെ പിടിച്ചുലച്ചിരുന്നു. പൊലീസിനെയും സംഘപരിവാറിനെയും കയറൂരിവിട്ട് സർക്കാർ ക്രൂരമായി കടന്നാക്രമിച്ചു. മാർച്ചിനെ ചോരയിൽ മുക്കി അടിച്ചമർത്താനുള്ള ശ്രമം തിരിച്ചടിയായി. പ്രക്ഷോഭകരെ പെല്ലറ്റ് തോക്കുകളും കണ്ണീർവാതകവും ആണി തറച്ച ലാത്തികളും കൊണ്ട് ആക്രമിച്ചു. വനിതാപ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചു. ഇതോടെ രാജ്യമാകെ സമരം ആളിപ്പടർന്നു.
ഇന്റർനെറ്റ് വിലക്കിയും വഴികളടച്ചും സമരകേന്ദ്രങ്ങളിലേക്ക് ആളുകളെത്തുന്നത് തടഞ്ഞെങ്കിലും വിദ്യാർഥി പ്രതിരോധത്തിന് മുന്നിൽ എല്ലാം നിഷ്‌പ്രഭമായി. പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരം കൂടി ചേർന്നതോടെ ഭരണകൂടവിരുദ്ധ വികാരം പാരമ്യത്തിലെത്തി. നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ കൂട്ടപ്പുറത്താക്കലും ചോർച്ച തടയാനെന്ന പേരിൽ കൊണ്ടുവന്ന തട്ടിക്കൂട്ട് ബില്ലുകളും കാട്ടി പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രക്ഷോഭകർ പിന്മാറിയില്ല.
സമരത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് ഗത്യന്തരമില്ലാതെ സമരരംഗത്തിറങ്ങി. പാർലമെന്റിൽ പ്രതിപക്ഷപാർടികൾ ഒറ്റക്കെട്ടായി സമരത്തെ പിന്തുണച്ചു. ബുധൻ വൈകിട്ട് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺഗ്രസ് എംപിമാർ ധർണ നടത്തി. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വ്യാഴാഴ്‌ച പ്രതിപക്ഷ എംപിമാർ ഒന്നടങ്കം ഗാന്ധിസ്‌മൃതിയിലേക്ക് മാർച്ചുചെയ്‌തു.
പ്രക്ഷോഭം അലയടിച്ചതോടെ പ്രതിരോധത്തിലായ ബിജെപി സർക്കാർ ചർച്ചയ്‌ക്ക് സന്നദ്ധമായി. പ്രധാന്റെ രാജി ഒഴികെ മറ്റാവശ്യങ്ങൾ അംഗീകരിക്കാമെന്ന നിലപാട് സ്വീകരിച്ചെങ്കിലും രാജി ആവശ്യത്തിൽ പ്രക്ഷോഭകർ ഉറച്ചുനിന്നു. പ്രധാനമന്ത്രി മോദി അർധരാത്രിയിൽ സെൽഫി വീഡിയോയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്‌തു. മന്ത്രിമാർ സന്ദർശിച്ചതിന് പിന്നാലെ വാഴാഴ്‌ച അർധരാത്രി വാങ്‌ചുക് നിരാഹാരം അവസാനിപ്പിച്ചു. മോദിയുടെ ഇടപെടൽ പരാജയപ്പെടുകയും സമരകേന്ദ്രം ജനസാഗരമാവുകയും ചെയ്‌തതോടെയാണ് മന്ത്രി പ്രധാനെ കൈവിടാൻ സർക്കാരും സംഘപരിവാറും തയ്യാറായത്. സമരം അവസാനിപ്പിച്ചതോടെ മെട്രോ സ് റ്റേഷനുകളുടെ പ്രവർത്തനം പുനരാരംഭിച്ചു. ഇന്റർനെറ്റ് വിലക്ക് തുടരുകയാണ്.
സമരത്തീ പകർന്നത് ഇടതുപക്ഷം
സിജെപി തുടക്കമിട്ട ജന്തർമന്തർ സമര ത്തിൽ ആദ്യാവസാനം ഇടതുപക്ഷത്തിന്റെ സജീവസാന്നിധ്യം. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളും സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികളുടെ നേതാക്കളുമാണ് പ്രക്ഷോഭത്തീ പകർന്നത്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയും മുതിർന്ന നേതാവ് ബൃന്ദ കാരാട്ടും ലോക്‌സഭാ നേതാവ് കെ രാധാകൃഷ്‌ണനും രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസും മറ്റ് ഇടതുപക്ഷ എംപിമാരും നേതാക്കളുമെല്ലാം സമരവേദിയിലെത്തി.
പ്രധാന്റെ രാജിക്കുശേഷം സമരവേദിയിലെത്തിയ ബ്രിട്ടാസ് അടക്കമുള്ള ഇടതുപക്ഷ നേതാക്കളെ കൈയടിയോടെയാണ് പ്രക്ഷോഭകർ സ്വീകരിച്ചത്. ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ആദ്യം സമരമുഖത്തെത്തിയത് എസ്‌എഫ്‌ഐ ആണ്. വിദ്യാഭ്യാസ മന്ത്രാലയം സ്ഥിതിചെയ്യുന്ന ശാസ്‌ത്രി ഭവനിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനെ പൊലീസ് കടന്നാക്രമിച്ചു. നേതാക്കളെയും പ്രവർത്തകരെയും നിരത്തിലൂടെ വലിച്ചിഴച്ചു.
ജന്തർമന്തറിൽ സിജെപി പ്രക്ഷോഭത്തുടക്കം മുതൽ എസ്‌എഫ്‌ഐയുടെ സജീവ പ്രാതിനിധ്യമുണ്ടായി. സമരവേദിയിൽ ‘ക്രാന്തികോർണർ’ തീർത്തു. പിന്തുണയുമായി ഡിവൈഎഫ്‌ഐയും എത്തി. എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളും ചേർന്നു. അംബേദ്‌കറുടെയും ഭഗത്‌സിങ്ങിന്റെയും ചെഗുവേരയുടെയും ചിത്രങ്ങൾ സമരവേദിയിലുയർന്നു.
സമരത്തിന്റെ തുടക്കത്തിൽ കാര്യമായ പങ്കാളിത്തമില്ലായിരുന്നു. ഇൗ ഘട്ടത്തിൽ സമരവീര്യം ചോരാതെ നിലനിർത്തിയത് ഇടതുപക്ഷ വിദ്യാർഥി–യുവജന സംഘടനകളാണ്. കോൺഗ്രസ് പൂർണമായും സമരത്തോട് മുഖംതിരിച്ചപ്പോൾ എം എ ബേബി അടക്കമുള്ള സിപിഐ എം നേതാക്കൾ ഐക്യദാർഢ്യവുമായി എത്തിയത് സിജെപിക്ക് ആത്മവിശ്വാസമേകി. സോനം വാങ്‌ചുക്കിന്റെ നിരാഹാര സമരത്തിലും ഇടതുപക്ഷ സംഘടനകൾ പങ്കാളികളായി. എസ്‌എഫ്‌ഐ നേതാക്കളായ ആദർശ് എം സജിയും ഐഷി ഘോഷും ഐസാ നേതാക്കളും നിരാഹാരമനുഷ്‌ഠിച്ചു.










0 comments