print edition അഭിനന്ദിച്ച് പ്രതിപക്ഷം

ന്യൂഡൽഹി : യുവജന–വിദ്യാർഥി പ്രക്ഷോഭകരെ അഭിനന്ദിച്ച് പ്രതിപക്ഷ പാർടികൾ. ഇത് ഇന്ത്യയുടെ ഭാവിയായ വിദ്യാർഥികളുടെ വിജയമാണെന്നും പ്രധാൻ അഴിമതിയുടെയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തകർച്ചയുടെയും പ്രതീകമാണെന്നും ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി പ്രതികരിച്ചു. യുവതയുടെ ഐക്യം വിജയം കണ്ടുവെന്ന് എൻസിപി എസ്‌പി നേതാവ് ശരദ് പവാർ പറഞ്ഞു.
മാറ്റത്തിന്റെ പുതുയുഗം പിറന്നെന്ന് സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവും കാർഷിക നിയമങ്ങൾപോലെ നീറ്റും പിൻവലിക്കേണ്ടി വരുമെന്ന് ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും പറഞ്ഞു. രാജി തുടക്കം മാത്രമാണെന്ന് ജെഎംഎമ്മും ജനാധിപത്യത്തിന്റെ വൻവിജയമെന്ന് ആം ആദ്‌മി പാർടിയും പറഞ്ഞു. ഉയർന്ന ഉത്തരവാദിത്വബോധമുള്ള മികച്ച വിദ്യാഭ്യാസ സംവിധാനം വേണമെന്ന് ആർജെഡി ആവശ്യപ്പെട്ടു.
രാഷ്ട്രവിരുദ്ധ ശക്തികൾ സമരം മുതലെടുക്കാതിരിക്കാനാണ് രാജിയെന്ന് പ്രധാൻ
ജന്തർമന്തറിലും രാജ്യത്തും ഉടലെടുത്ത സാഹചര്യങ്ങൾ രാഷ്ട്രവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാനാണ് രാജിയെന്ന ന്യായവുമായി ധർമേന്ദ്ര പ്രധാൻ. രാജ്യത്തിന്റെ ഐക്യം നിലനിൽക്കാനും ഇന്ത്യയിലെ ഒരു വിദ്യാർഥിയുടെയും ഭാവി നിയമകുരുക്കിൽ കുടുങ്ങാതിരിക്കാനുമാണ് രാജിക്കത്ത് നൽകിയത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടിന്റെ ഉത്തരവാദിത്തം ആദ്യദിവസം മുതൽ ഏറ്റെടുത്തിരുന്നു. അതിൽനിന്ന് ഒരിക്കലും മുഖംതിരിച്ചില്ല. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങളിൽ താൻ ദുഖിതനാണെന്ന് രാജി അറിയിച്ചുള്ള പ്രസ്‌താവനയിൽ പ്രധാൻ പറഞ്ഞു.










0 comments