സതീശന്റെ വാക്കിൽ ചാർജ്ജായി; 4 മന്ത്രിമാർ കൂടി കടൽകടന്ന് കറങ്ങാൻ പോകുന്നു

തിരുവനന്തപുരം: മന്ത്രിമാരുടെ സ്‌പോൺസേഡ് വിദേശയാത്രകളിൽ വിവാദം കത്തിനിൽക്കെ നാല് മന്ത്രിമാർ കൂടി കടൽ കടക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപ്പു ജോസഫ് എന്നിവർ യൂറോപ്പിലേക്കും, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, റവന്യൂ മന്ത്രി എ പി അനിൽ കുമാർ എന്നിവർ ഗൾഫ് രാജ്യങ്ങളിലേക്കുമാണ് സവാരി നടത്തുന്നത്. ഇതോടെ നാലു മാസത്തിനകം ഇൗ മന്ത്രിസഭയിൽ നിന്ന് വിദേശയാത്ര നടത്തുന്ന മന്ത്രിമാരുടെ എണ്ണം ഒമ്പതാകും. നേരത്തേ, സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനും ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാനും വിദേശയാത്ര നടത്തിയിരുന്നു.
സ്പോൺസർമാരുടെ ചെലവിൽ മന്ത്രിമാർ ഇനിയും വിദേശ യാത്ര നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞതോടെ മന്ത്രിമാർ ചാർജ്ജായ മട്ടാണ്. നേരത്തേ, രമേശ് ചെന്നിത്തല, കെ എം ഷാജി, ഒ ജെ ജനീഷ്, വിഷ്‌ണുനാഥ്, വി ഇ അബ്‌ദുൾ ഗഫൂർ എന്നിവരാണ് വിദേശത്ത് കറങ്ങിയത്. ഇതിൽ ചെന്നിത്തലയും ഷാജിയും ജനീഷുമെല്ലാം പോയത് സ്‌പോൺസർമാരുടെ ചെലവിലാണെന്ന് പറയുന്നു. ഇതിന് പൂർണ പിന്തുണയാണ് മുഖ്യമന്ത്രി നൽകിയത്.
വൈദ്യുതി, റവന്യൂ, ഉന്നതവിദ്യാഭ്യാസ മേഖലകൾ നാഥനില്ലാതെ കിടക്കുമ്പോഴാണ് അതത് വകുപ്പ് മന്ത്രിമാർ കറങ്ങാൻ പോകുന്നത്. സ്‌പെയ്‌നിലും ഇറ്റലിയിലുമായി ആറു ദിവസത്തെ വിനോദയാത്രയാണ് റോജി എം ജോണിന്റേത്. ഒക്ടോബർ 16 മുതൽ 23 വരെയാണ് യാത്ര. ഒക്ടോബർ 17 മുതൽ 25 വരെ ഇറ്റലിയിൽ ചെലവഴിക്കാനാണ് മോൻസ് ജോസഫ് ഒരുങ്ങുന്നത്. സണ്ണി ജോസഫും എ പി അനിൽ കുമാറും കോൺഗ്രസ് പോഷക സംഘടനയായ 'ഇൻകാസ്' സംഘടിപ്പിക്കുന്ന പരിപാടിക്കായാണ് ഗൾഫിലേക്ക് പറക്കുന്നത്. വിമാനത്തിലെ ഏറ്റവും ഉയർന്ന നിരക്കിലുള്ള ആഢംബര ക്ലാസുകളിലാണ് ഇവരെല്ലാം പോകുന്നത്. ആരു കൊണ്ടുപോകുന്നു, എന്തിനു പോകുന്നു എന്നതിൽ പലരുടെ യാത്രയിലും ദുരൂഹതയുണ്ട്. യാത്ര പോകാൻ ഇവർക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചത് അതിവേഗമാണ്. ഇതും സംശയകരമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒൗദ്യോഗിക യാത്രകൾക്കു പോലും മന്ത്രിമാർക്ക് നിരന്തരം അനുമതി നിഷേധിക്കപ്പെട്ടിരുന്നു.
എല്ലാ വകുപ്പിലും ദൈനംദിന പ്രവർത്തനങ്ങൾ പോലും തകിടംമറിഞ്ഞു കിടക്കുകയാണ്. ഭരണപരമായ ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് മന്ത്രിമാർ നടത്തുന്നത്. പവർകട്ടിന് ഒരു പരിഹാരവും കാണാൻ കഴിഞ്ഞിട്ടില്ല. അതു ജനങ്ങൾ സഹിക്കണമെന്നാണ് വകുപ്പ് മന്ത്രിയായ സണ്ണി ജോസഫ്‌പറഞ്ഞത്. എന്നിട്ട് അദ്ദേഹം കട്ടില്ലാത്ത നാട്ടിലേക്ക് പോവുകയാണ്. ഉന്നത വിദ്യാഭ്യാസരംഗത്ത് സംഘപരിവാർ അതിപ്രസരത്തിന്റെ ഫലമായി അടിമുടി പ്രശ്‌നങ്ങളാണ്. അതൊന്നും കണ്ട മട്ടുകാണിക്കാത്ത ആളാണ് മേന്ത്രി റോജി. ഗവർണറുടെ അനധികൃത ഇടപെലിനെതിരെ ചെറുപ്രതികരണം പോലും മന്ത്രിയിൽ നിന്നുണ്ടായിട്ടില്ല.









0 comments