ad
Deshabhimani

print edition പലസ്തീൻ അനുകൂല പോരാളി 
കോസോ ഒകാമോട്ടോ വിടവാങ്ങി

Koso

കോസോ ഒകാമോട്ടോ

വെബ് ഡെസ്ക്

Published on Jul 26, 2026, 01:38 AM | 1 min read

ബെയ്‌റൂത്ത്‌ : പലസ്തീൻ അനുകൂല പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജപ്പാൻകാരനായ ഇടതുപക്ഷ പ്രവർത്തകൻ കോസോ ഒകാമോട്ടോ (78) ലെബനൻ തലസ്ഥാനായ ബെയ്‌റൂത്തിൽ അന്തരിച്ചു. 1972-ൽ ഇസ്രയേലിലെ ലോധ് വിമാനത്താവളത്തിൽ 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിൽ പങ്കെടുത്ത ഒകാമോട്ടോ ദീർഘകാലമായി രോഗബാധിതനായിരുന്നു. പലസ്തീൻ ജനതയ്ക്കിടയിൽ "അഹ്മദ് അൽ യാബാനി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒകാമോട്ടോ, ലെബനനിൽ അഭയം തേടുകയായിരുന്നു.


1972 മേയ് 30-നാണ് ജാപ്പനീസ് റെഡ് ആർമിയിലെ മറ്റ് രണ്ട് അംഗങ്ങൾക്കൊപ്പം ഒകാമോട്ടോ ലോധ് വിമാനത്താവളത്തിൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഒകാമോട്ടോയുടെ രണ്ട് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. പരിക്കേറ്റ ഒകാമോട്ടോയെ ഇസ്രയേൽ സൈന്യം പിടികൂടി. 1968-ൽ ബെയ്‌റൂത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനുള്ള മറുപടിയായിരുന്നു ഇ‍ൗ ആക്രമണം. ഇസ്രയേൽ കോടതി ഒകാമോട്ടോയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.


എന്നാൽ, 1985-ൽ പലസ്തീൻ സംഘടനകളുമായുള്ള തടവുകാരുടെ കൈമാറ്റ കരാറിന്റെ ഭാഗമായി 12 വർഷത്തെ ജയിൽവാസത്തിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചു. ലെബനനിലെത്തിയ ഒകാമോട്ടോയ്ക്ക് അവിടെ രാഷ്ട്രീയ അഭയം ലഭിച്ചു. 1997-ൽ കുടിയേറ്റ നിയമ ലംഘനം ആരോപിച്ച് ഒകാമോട്ടോയെയും മറ്റ് നാല് ജാപ്പനീസ് പൗരന്മാരെയും ലെബനൻ അറസ്റ്റ് ചെയ്തെങ്കിലും ഒകാമോട്ടോയെ വിട്ടുനൽകണമെന്ന ജപ്പാന്റെ ആവശ്യം ലെബനൻ നിരസിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home