ad
Deshabhimani

ബേത്തൂർപ്പാറയുടെ അക്ഷരപ്പുര

ബേത്തൂർപ്പാറ എം ജി വായനശാലയുടെ പുതിയ റീഡിങ്‌ റൂം ഹാളിന്റെ ഉദ്‌ഘാടന ചടങ്ങിൽ അതിഥികളും വായനശാല പ്രവർത്തകരും ഒത്തുകൂടിയപ്പോൾ(ഫയൽ ചിത്രം)

ബേത്തൂർപ്പാറ എം ജി വായനശാലയുടെ പുതിയ റീഡിങ്‌ റൂം ഹാളിന്റെ ഉദ്‌ഘാടന ചടങ്ങിൽ അതിഥികളും വായനശാല പ്രവർത്തകരും ഒത്തുകൂടിയപ്പോൾ(ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Jul 26, 2026, 02:00 AM | 1 min read

​ബേത്തൂർപ്പാറ

കേവലമൊരു വായനശാല എന്നതിനപ്പുറം ഒരു ഗ്രാമത്തിന്റെ സാമൂഹികവും സാംസ്കാരികവും കായികവുമായ മുന്നേറ്റങ്ങളുടെ കേന്ദ്രമാണ് ബേത്തൂർപാറയിലെ എം ജി വായനശാല. ചുരുങ്ങിയ കാലത്തിനുള്ളിൽ ജില്ലയിലെ മികച്ച ഗ്രന്ഥശാലകളിലൊന്നായി ഇത്‌ മാറി. കാസർകോട് താലൂക്കിൽ കർഷക, -കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയവരിൽ പ്രധാനിയായ എം ഗോപാലന്റെ പേരിൽ 2013ലാണ്‌ വായനശാല സ്ഥാപിച്ചത്‌. 2025-ൽ എ -ഗ്രേഡ് വായനശാലയായി ഉയർന്നു. നിലവിൽ റഫറൻസ് ലൈബ്രറിയായി പ്രവർത്തിക്കുന്നു. 8,500-ലധികം പുസ്തകങ്ങളും 590 അംഗങ്ങളും വായനശാലയ്‌ക്കുണ്ട്. വായനശാലയുടെ എല്ലാ പ്രവർത്തനങ്ങളും സഹോദര സ്ഥാപനമായ കൊസാംബി കലാകായിക കേന്ദ്രവുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. എല്ലാ മാസവും പ്രമുഖ എഴുത്തുകാരുടെ കൃതികൾ ചർച്ച ചെയ്യുന്ന പുസ്തകചർച്ച സംഘടിപ്പിക്കുന്നുണ്ട്. വായനക്കാരും അധ്യാപകരും വിദ്യാർഥികളും യുവജനങ്ങളും പങ്കെടുക്കുന്ന ചർച്ച വിജ്ഞാന വിനിമയത്തിന്റെയും സംവാദത്തിന്റെയും വേദിയായി മാറി. ആഗസ്‌ത്‌ എട്ടിന് "മാതംഗലീല" എന്ന കൃതിയെ ആസ്പദമാക്കിയാണ്‌ ചർച്ച. ആഴ്ചയിലൊരിക്കൽ മൺമറഞ്ഞ സാംസ്കാരിക നായകരെ അനുസ്മരിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നു. ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി, കായികവേദി, നൃത്തവിദ്യാലയം എന്നിവ വായനശാലയിൽ സജീവമായി പ്രവർത്തിക്കുന്നു. വായന, കല, സാഹിത്യം, വ്യക്തിത്വ വികസനം, സാമൂഹികബോധം എന്നിവ വളർത്തുന്നതിനുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും  ശ്രദ്ധേയ ഇടപെടൽ നടത്തുന്നുണ്ട്‌. നിർധന കുടുംബത്തിന് നാട്ടുകാരുടെ സഹായത്തോടെ നല്ലൊരു വീടുവയ്ക്കാൻ സാധിച്ചത് പ്രധാന നേട്ടങ്ങളിലൊന്നാണ്‌. വർഷംതോറും എം ഗോപാലൻ അനുസ്മരണ ദിനത്തിൽ രക്തദാന സേന രക്തം ദാനം ചെയ്യുന്നുണ്ട്‌. കമ്പവലി മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ നിരവധി സമ്മാനം നേടിയ വായനശാല -കൊസാംബി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുട്ബോൾ പരിശീലനവും നടത്തുന്നു. എം ഭാസ്കരൻ പ്രസിഡന്റും ബി ബാബുരാജ് സെക്രട്ടറിയുമായ 15 അംഗ ഭരണസമിതിയുടെ നേതൃത്വത്തിലാണ് വായനശാല പ്രവർത്തനം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home