print edition യുവജന പ്രക്ഷോഭത്തിന്റെ നാൾവഴി

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്കാര്യം ജന്തർമന്തറിലെ സമരവേദിയിൽ ജോൺ ബ്രിട്ടാസ് എംപി പ്രഖ്യാപിക്കുന്നു. അഭിജീത് ദിപ്കെ, സിപിഐ എം പിബി അംഗം അരുൺ കുമാർ തുടങ്ങിയവർ സമീപം
22 ലക്ഷത്തിലധികം വിദ്യാർഥികളാണ് മെയ് മൂന്നിന് നീറ്റ് എഴുതിയത്. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചോദ്യം ചോർന്ന വിവരം പുറത്തായി. എൻടിഎയുടെ ഗുരുതര വീഴ്ച വെളിപ്പെട്ടതോടെ പരീക്ഷ റദ്ദാക്കി. 22 ലേറെ വിദ്യാർഥികൾ മനംനൊന്ത് ജീവനൊടുക്കി. ചോദ്യച്ചോർച്ചയിൽ ആദ്യം സമരമാരംഭിച്ചത് എസ്‌എഫ്‌ഐ ആണ്. രാജ്യതലസ്ഥാനത്തും സംസ്ഥാനങ്ങളിലും മാർച്ച് സംഘടിപ്പിച്ചു. എഴുന്നൂറിലധികം എസ്‌എഫ്‌ഐ പ്രവർത്തകർ അറസ്റ്റിലായി.
സിബിഎസ്‌ഇ മൂല്യനിർണയത്തിലെ ഗുരുതര ക്രമക്കേടും പിന്നാലെ പുറത്തുവന്നു. മെയ് പതിമൂന്നിനാണ് സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം വന്നത്. ഓൺലൈൻ മൂല്യനിർണയത്തിലെ പിഴവ്മൂലം വിദ്യാർഥികൾക്ക് മാർക്കിൽ കാര്യമായ കുറവുണ്ടായി. കേന്ദ്ര സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും വീണ്ടും സമ്മർദത്തിലായി. മെയ് 15-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യാജ ബിരുദ കേസ് പരിഗണിക്കുന്നതിനിടെ തൊഴിലില്ലാത്ത യുവാക്കളെ ‘പാറ്റകൾ’ ആയി ഉപമിച്ചു. സമൂഹമാധ്യമങ്ങളിൽ വൻ യുവജനരോഷമിരമ്പി.
യുഎസിലെ ബോസ്റ്റണിലുണ്ടായിരുന്ന അഭിജീത് ദിപ്‌കെ മെയ് പതിനാറിന് കോക്രോച്ച് ജനതാ പാർടിയെന്ന പേരിൽ സമൂഹമാധ്യമ അക്കൗണ്ട് രൂപീകരിച്ചു. സംഘപരിവാറിനേയും മോദി സർക്കാരിനെയും കടുത്ത രീതിയിൽ വിമർശിച്ചു. ഇൻസ്റ്റയില്ൽ രണ്ടുകോടിപ്പേരുടെ പിന്തുണ ലഭിച്ചു. യുവജന പിന്തുണ ഏറിയതോടെ എക്‌സ് അക്കൗണ്ട് കേന്ദ്രസർക്കാർ വിലക്കി. വെബ്‌സൈറ്റ് പൂട്ടിച്ചു.
പിന്തുണ വർധിച്ചതോടെ അഭിജീത് ഇന്ത്യയിലെത്തി. ജൂൺ ആറിന് ജന്തർമന്തറിൽ പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിജപി പ്രതിഷേധം. എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, ഐസ സംഘടനകൾ സമരത്തിന്റെ ഭാഗമായി. സാമൂഹ്യ പ്രവർത്തകൻ സോനം വാങ്‌ചുക് വേദിയിലെത്തി. രാജ്യത്തെ പ്രധാന നഗരങ്ങളിലും സിജെപി പ്രതിഷേധം.
രാജി ആവശ്യം ധർമേന്ദ്രപ്രധാൻ തള്ളിയതോടെ ജൂൺ 20ന് ജന്തർമന്തറിൽ സിജെപിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും അനിശ്ചിതകാല സമരം ആരംഭിച്ചു. കേന്ദ്രസർക്കാരും ഗോദി മാധ്യമങ്ങളും സമരത്തെ അവഗണിച്ചു. ജൂൺ 28ന് സോനം വാങ്‌ചുക് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. വിദ്യാർഥികളും നിരാഹാരമിരുന്നു. എസ്‌എഫ്‌ഐ ജന്തർമന്തറിൽ ക്രാന്തി കോർണർ ആരംഭിച്ച് സമരത്തെ സജീവമാക്കി. ആയിരക്കണക്കിന് യുവജനങ്ങളെ എസ്‌എഫ്‌ഐ സമരവേദിയിലെത്തിച്ചു.
വാങ്‌ചുക്കിന്റെ ആരോഗ്യനില വഷളായി. സമരത്തിന്റെ പിന്തുണ വർധിച്ചു. ജൂലൈ 18ന് വാങ്‌ചുക്കിനെ ജന്തർമന്തറിൽനിന്ന് പൊലീസ് നീക്കി. ഇതോടെ എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജിയും ജോയിന്റ് സെക്രട്ടറി ഐഷി ഘോഷും നിരാഹാരമാരംഭിച്ചു.
20ന് സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പതിനായിരങ്ങൾ അണിചേർന്നു. മോദിസർക്കാർ സമരത്തെ ക്രൂരമായി അടിച്ചമർത്തി. ഇതോടെ സമരം കൂടുതൽ സജീവമായി. പ്രതിപക്ഷ എംപിമാരും പ്രക്ഷോഭത്തിന് പിന്തുണയറിയിച്ച് രംഗത്തുവന്നു.
ആവശ്യങ്ങളിൽ ചിലത് കേന്ദ്രം അംഗീകരിച്ചതോടെ ജൂലൈ 23ന് രാത്രി വാങ്‌ചുക് നിരാഹാര സമരം അവസാനിപ്പിച്ചു. പ്രധാൻ രാജിവയ്ക്കുവരെ സമരം തുടരുമെന്ന് പ്രക്ഷോഭകർ അറിയിച്ചു. പൊതുസമൂഹം പ്രക്ഷോഭകർക്കൊപ്പംനിന്നു. ആർഎസ്‌എസ്, ബിജെപി, മോദി വിരുദ്ധ മുദ്രാവാക്യങ്ങൾ ഡൽഹിയാകെ മുഴങ്ങി. ഒടുവിൽ ഗതികെട്ട് ജൂലൈ 25ന് പ്രധാൻ രാജിവച്ചു.










0 comments