ഹിന്ദുത്വ രാഷ്ട്ര നിർമാണത്തിന് ആർഎസ്‌എസ് ഭരണഘടനയെ തകർക്കുന്നു: എൻ റാം

ചിന്ത രവീന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചിന്ത രവീന്ദ്രൻ സ്മാരക പുരസ്‌കാരം നേടിയ ഭാവനയ്ക്ക് വേണ്ടി സഹോദരൻ ജയദേവ് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ റാമിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്നു. എം പി സുരേന്ദ്രൻ, എൻ എസ് മാധവൻ, ശശികുമാർ എന്നിവർ സമീപം
സ്വന്തം ലേഖകൻ കോഴിക്കോട് ഹിന്ദുത്വ രാഷ്ട്ര പദ്ധതിക്ക് തടസം നിൽക്കുന്നതിനാലാണ് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കാൻ ആർഎസ്‌എസും ബിജെപിയും ശ്രമിക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം. ചിന്ത രവീന്ദ്രൻ ഫൗണ്ടേഷൻ പുരസ്കാര വിതരണം നിർവഹിച്ചശേഷം ‘റിപ്പബ്ലിക്കിനെ ഇല്ലാതാക്കൽ – ഹിന്ദുത്വ ഏകാധിപത്യ രാഷ്ട്രീയം ഭരണഘടനയുടെ അടിസ്ഥാന ഘടനയെ എങ്ങനെ തകർക്കുന്നു’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെന്നത് നീതിന്യായ സംവിധാനം നടപ്പാക്കുന്നതിനുള്ള ഒരു മാനദണ്ഡമാണ്. അതാണ് ഹിന്ദുത്വ സ്വേച്ഛാധിപത്യം ഭരണഘടനയ്ക്കെതിരെ ആക്രമണം നടത്തുന്നത്. ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് കീഴ്‌പ്പെട്ടാൽ നമ്മുടെ റിപ്പബ്ലിക്ക് ഇല്ലാതാകും. ഭരണഘടനാ മൂല്യങ്ങളെയോ പ്രതിബദ്ധതകളെയോ വർഗീയ അർദ്ധ -ഫാസിസ ഏകാധിപത്യ ശക്തികൾ ദുർബലപ്പെടുത്താനോ അട്ടിമറിക്കാനോ ശ്രമിച്ചാൽ, അത് രാജ്യത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കും. അടിസ്ഥാന ഘടനയെ ദുർബലപ്പെടുത്താൻ സാധിക്കുമെന്ന തോന്നൽ ആർഎസ്‌എസിനും ബിജെപിക്കും കേന്ദ്രസർക്കാരിനുമുണ്ട്. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിൽനിന്ന് ആർഎസ്‌എസ് ഒട്ടും പിന്നോട്ട് പോയിട്ടില്ല. അതിനായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംഘടനകളും രൂപീകരിച്ചിട്ടുണ്ട്. സംഘപരിവാറുമായി ബന്ധമുള്ള ഏകദേശം 2500 സംഘടനകളുള്ളതായി കണ്ടെത്തിയിട്ടുമുണ്ട്. ഡൽഹിയിൽ പ്രക്ഷോഭം നടത്തിയ യുവാക്കളുമായി കേന്ദ്രസർക്കാർ ആദ്യഘട്ടത്തിൽ തന്നെ ചർച്ച നടത്തേണ്ടിയിരുന്നു. അതിന് ശ്രമിക്കാതെ, സമരം ചെയ്തവരെ തല്ലിയൊതുക്കാനാണ് നോക്കിയത്. പെൺകുട്ടികളടക്കമുള്ളവർക്കെതിരെ പെല്ലറ്റാക്രമണമുൾപ്പെടെ നടത്തി. ആയിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ജനാധിപത്യ -പുരോഗമന പാർടികൾ അവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കുന്നതിന് പകരം പിന്തുണ നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചിന്ത രവീന്ദ്രൻ പുരസ്കാരം നടി ഭാവനയ്ക്കുവേണ്ടി സഹോദരൻ ജയദേവൻ ഏറ്റുവാങ്ങി. എൻ എസ് മാധവൻ അധ്യക്ഷനായി. മാധ്യമപ്രവർത്തകൻ ശശികുമാർ, എഴുത്തുകാരൻ സക്കറിയ, എം പി സുരേന്ദ്രൻ, എൻ കെ രവീന്ദ്രൻ, ചന്ദ്രിക രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഓൺലൈനായി നടി ഭാവനയും പങ്കെടുത്തു.










0 comments