പാളയം ബിജു വധം
കുത്താനുപയോഗിച്ച കത്തി കണ്ടെത്തി

ബിജു വധക്കേസ് പ്രതി ദീപക്കിനെ കൊലപാതകം നടത്തിയ പാളയം പുതിയകോവിലകം പറമ്പിലെ വീട്ടിൽ തെളിവെടുപ്പിനായെത്തിച്ചപ്പോൾ
സ്വന്തം ലേഖകൻ കോഴിക്കോട് പാളയം ബിജു വധക്കേസിൽ കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്തി. പ്രതിയും ബിജുവിന്റെ ബന്ധുവുമായ ദീപക്കിന്റെ മാങ്കാവിലെ വീടിനോടുചേർന്ന കാടുപിടിച്ച സ്ഥലത്തുനിന്നാണ് കണ്ടെത്തിയത്. ദീപക്കുമായി നടത്തിയ തെളിവെടുപ്പിനിടെ കേസിലെ മുഖ്യ തൊണ്ടിയായ കത്തി ലഭിക്കുകയായിരുന്നു. പ്രതി ദീപക്കുമായി കസബ പൊലീസ് ശനിയാഴ്ച കൊലപാതകം നടന്ന പാളയം പുതിയ കോവിലകം പറമ്പിൽ തെളിവെടുപ്പ് നടത്തി. ബിജുവിന്റെ ബന്ധുക്കളും നാട്ടുകാരും ദീപക്കിനെതിരെ പ്രതിഷേധമുയർത്തി. കസ്‌റ്റഡി കാലാവധി കഴിഞ്ഞതിനാൽ പ്രതിയെ ജെഎഫ്‌സിഎം (ആറ്) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോദ്യംചെയ്യലുമായി ദീപക് തീരെ സഹകരിച്ചിരുന്നില്ല. ഇൗ സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ഞായർ പുലർച്ചെയാണ് ബിജു താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലെത്തി ദീപക് കൊലപ്പെടുത്തിയത്. ലഹരിക്കടിമയായിരുന്ന ദീപക്കിനെ ചികിത്സയ്ക്കായി കൊണ്ടുപോകാൻ മുൻകൈയെടുത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകം നടത്തിയത് താനാണെന്ന് മൂന്നുദിവസം നീണ്ട ചോദ്യംചെയ്യലിലും ദീപക് സമ്മതിച്ചിട്ടില്ല. ബിജുവിനെ താനെന്തിന് കൊല്ലണമെന്ന മറുചോദ്യമാണ് ദീപക് ചോദ്യംചെയ്യലിൽ ഉടനീളമുന്നയിച്ചത്. കൊലപാതകം നടന്ന ദിവസം ദീപക് പുതിയ കോവിലകം പറമ്പിലെത്തുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇത് ദീപക്കിന്റെ മാതാപിതാക്കളടക്കം തിരിച്ചറിഞ്ഞിട്ടുണ്ട്.










0 comments