ad
Deshabhimani

സർക്കാർ നിയന്ത്രണസംവിധാനം പരാജയം

വില കുതിക്കുന്നു, കടിഞ്ഞാണില്ലാതെ വിപണി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jul 26, 2026, 01:17 AM | 2 min read

കൊല്ലം

പൊതുവിപണിയിൽ നിത്യോപയോഗസാധനങ്ങളുടെ വില അനിയന്ത്രിതമായി കുതിക്കുന്നു. സിവിൽ സപ്ലൈസ്‌ വകുപ്പിലെ പരിശോധനാ സംവിധാനങ്ങളെ ഫലപ്രദമായി ഉപയോഗിച്ച്‌ വില നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണപരാജയം. അരിവില രണ്ടാഴ്‌ചയ്‌ക്കിടെ കിലോയ്‌ക്ക്‌ അഞ്ചുരൂപ വർധിച്ചു. മുളകിന്‌ കിലോ 90 രൂപയുടെയും മല്ലിയ്‌ക്ക്‌ 50 രൂപയുടേയും വർധനയുണ്ടായി. പഞ്ചസാര കിലോയ്‌ക്ക്‌ ഏഴുരൂപയുടെ വർധനയുണ്ടായി. ഉപ്പുതൊട്ട്‌ കർപ്പൂരം വരെ എല്ലാത്തിനും വില കുതിക്കുകയാണ്‌. ജില്ലയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ജയ അരി കിലോയ്‌ക്ക്‌ 50 രൂപയാണ്‌ മൊത്തവില. രണ്ടാഴ്‌ച മുന്പുവരെ 41 രൂപയായിരുന്നു. അരി ചില്ലറ വിൽപ്പനയ്‌ക്കെത്തുമ്പോൾ 50 മുതൽ 55 രൂപ വരെയാകുന്നു. കുടുംബശ്രീ, സെവൻസ്‌റ്റാർ, ഫൈവ്‌സ്‌റ്റാർ, മിസ്‌റ്റർ വൈറ്റ്‌ ബ്രാന്റുകളിൽ ജയ അരി സുലഭമാണ്‌. പിരിയൻ മുളകിന്‌ 340, പാണ്ടിക്ക്‌ 290 എന്നിങ്ങനെയാണ്‌ വില. 155 രൂപയ്‌ക്ക്‌ ലഭിച്ചിരുന്ന മല്ലിയുടെ വില 195 ആയി. പഞ്ചസാരയ്‌ക്ക്‌ 44 ൽനിന്ന്‌ 52 രൂപയായി. ഉഴുന്നു പരിപ്പ്‌ 135ൽനിന്ന്‌ 170 രൂപവരെയായി. സവാളയ്‌ക്ക്‌ 35, ചെറിയ ഉള്ളി 80 എന്നിങ്ങനെയാണ്‌ നിലവിലെ വില. ദിവസം മുന്പ്‌ ഇത്‌ യഥാക്രമം 30, 60 എന്നിങ്ങനെയായിരുന്നു. മുട്ട, ഇറച്ചി, നാരങ്ങ, പച്ചക്കറി എന്നിവയ്‌ക്കും വിപണിയിൽ വില കുതിക്കുന്നു. പാലിന്‌ അടുത്തിടെയാണ്‌ വില വർധനയുണ്ടായത്‌. വില നിയന്ത്രിക്കാന്‍ സപ്ലൈകോ, മാവേലി സ്‌റ്റാർ, കൺസ്യൂമർഫെഡ്‌ എന്നീ സർക്കാർ ഏജൻസികൾക്ക്‌ ഫലപ്രദമായി ഇടപെടാനാകുന്നില്ല. മിക്ക സാധനങ്ങൾക്കും ആവശ്യമായ സ്റ്റോക്കില്ല. ഓണം അടുത്തതോടെ വില വർധന ഇനിയും രൂക്ഷമാകും. ​



അരിയുടെ കടിഞ്ഞാൺ ആന്ധ്രാലോബിക്ക്‌

ഓണം അടുത്തതോടെയാണ്‌ ആന്ധ്രാലോബി ജയ അരിയുടെ വില കൂട്ടിത്തുടങ്ങിയത്‌.രണ്ടാഴ്ചയ്‌ക്കിടെയാണ്‌ ബ്രാൻഡഡ് ആന്ധ്ര ജയ അരിയുടെ വിലയിൽ കിലോയ്ക്ക്‌ രണ്ടുമുതൽ അഞ്ചുരൂപ വരെ വർധന. ആന്ധ്രയിലെ മില്ലുടമകൾ നേരിട്ടാണ്‌ കേരളത്തിലെ മൊത്തക്കച്ചവടക്കാർക്ക്‌ അരി നൽകുന്നത്‌. ഏകപക്ഷീയമായി ആന്ധ്രയില്‍നിന്നുതന്നെ ബില്ലിട്ടാണ്‌ അരി എത്തിക്കുന്നത്‌. മില്ലുടമകളുടെ ജീവനക്കാർ തന്നെയാണ്‌ ഇതിന്‌ ഇടനിലക്കാരായി ഇവിടെ പ്രവർത്തിക്കുന്നത്‌. ആന്ധ്രാലോബി ഇടയ്‌ക്കിടെ വില വർധിപ്പിക്കാറുണ്ട്‌. ജില്ലയിൽ ഉപഭോക്താക്കൾ കഴിക്കുന്ന അരിയിൽ 70 ശതമാനവും ജയയാണ്. ഇത്‌ ലക്ഷ്യമിട്ടാണ്‌ വില വർധന. എന്നാൽ, രാജ്യത്തുനിന്നുള്ള അരി കയറ്റുമതി വർധിച്ചത് ആഭ്യന്തര വിപണിയിൽ വിലവർധനയ്ക്കു കാരണമായതായി ആന്ധ്രയിലെ ബ്രോക്കർമാർ പറയുന്നു. ജയ അരിയുടെ പ്രധാന ഉൽപ്പാദനകേന്ദ്രം ഈസ്റ്റ് ഗോദാവരി ജില്ലയാണ്. ഇവിടുത്തെ ഉൽപ്പാദനം ഇത്തവണ കൂടിയെങ്കിലും കയറ്റുമതി വർധിച്ചു. പച്ചരിക്കായും പുഴുക്കലരിക്കായും വിദേശ രാജ്യങ്ങളിലേക്ക്‌ വൻതോതിലാണ്‌ നെല്ല്‌ കയറ്റുമതി നടക്കുന്നത്‌. ആന്ധ്രാ സർക്കാരും ഇക്കുറി നെല്ല്‌ കൂടുതൽ സംഭരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home