തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിന് സമാനം
മേയറുടെ ഓണസമ്മാനം പണം എവിടെനിന്ന്

തിരുവനന്തപുരം
തിരുവനന്തപുരം കോർപറേഷൻ ഭരണം ദുരുപയോഗം ചെയ്‌ത് മേയറും സംഘവും നടത്തുന്ന പണപ്പിരിവിന് ഉദ്യോഗസ്ഥരെയും കരുവാക്കി. ഓണത്തിന് ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും സമ്മാനങ്ങൾ നൽകിയത് വൻകിട വ്യവസായികളിൽനിന്ന് പിരിച്ച പണംകൊണ്ട്. കേരളത്തിലാകെ ശാഖകളുള്ള ചില മാളുകൾ, തമിഴ്‌നാട്ടിൽനിന്നെത്തി വ്യവസായം നടത്തുന്ന വൻകിട വസ്‌ത്രവ്യാപാര സ്ഥാപനങ്ങൾ, വൻകിട ജ്വല്ലറികൾ എന്നിവരിൽനിന്നാണ് പിരിവെടുത്തത്. കോർപറേഷൻ ജീവനക്കാർ, കണ്ടിൻജന്റ് ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, കൗൺസിലർമാർ, മുൻ കൗൺസിലർമാർ തുടങ്ങി അയ്യായിരത്തോളം പേർക്കാണ് ഓണക്കോടിയും ഭക്ഷ്യ കിറ്റും നൽകിയത്. 2500 രൂപവീതംവരുന്ന സമ്മാനം അയ്യായിരത്തോളംപേർക്ക് നൽകണമെങ്കിൽ കുറഞ്ഞത് ഒരുകോടിയിൽപ്പരം രൂപ വേണം. ഇത് കോർപറേഷൻ ഫണ്ടിൽനിന്നാണോ ചെലവാക്കിയത്, പുറത്തുനിന്ന് പിരിച്ചതാണോ എന്ന് മേയർ വ്യക്തമാക്കേണ്ടിവരും. ഇത്രയും തുക പുറത്തുനിന്ന് പിരിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള രേഖയും കാണിക്കണം. രേഖയില്ലാത്ത പിരിവ് അഴിമതിയിൽപ്പെടും. അഴിമതിപ്പണത്തിന്റെ പങ്കാണോ പങ്കുവച്ചുനൽകിയതെന്ന ചോദ്യമാണുയരുന്നത്. തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ ഏറെ കോലാഹലമുണ്ടാക്കിയ പണക്കിഴി വിവാദ (ഓണക്കിഴി വിവാദം)ത്തിനു സമാനമാണ് തിരുവനന്തപുരത്തും അരങ്ങേറിയത്. തൃക്കാക്കര നഗരസഭ കോൺഗ്രസ് ഭരിക്കുന്പോൾ 2021ൽ ചെയർപേഴ്‌സൺ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം 10,000 രൂപ വീതം കവറിലാക്കി നൽകുകയായിരുന്നു. എൽഡിഎഫ് കൗൺസിലർമാർ ഇതിനെതിരെ രംഗത്തുവന്നു. വിജിലൻസ് അന്വേഷണത്തിലാണ് ‘ഓണക്കിഴി’ വിവാദം എത്തിനിന്നത്. ‘മേയർ കെയർ’ പദ്ധതിയുടെ പേരിലടക്കം നടത്തുന്ന പിരിവുകളെക്കുറിച്ച് പരാതിയുയർന്നാൽ വിജലൻസ് അന്വേഷണമുണ്ടാകും










0 comments