ടേസ്റ്റ് നോക്കിയാലോ ബട്ടർ ഗുൽഖന്ദ്

ബട്ടർ ഗുൽഖന്ദ്’
സുധ സുന്ദരൻ
Published on Sep 09, 2026, 12:25 AM | 1 min read
മലപ്പുറം
വൈറലായ ‘ബട്ടർ ഗുൽഖന്ദ്’ തേടി ഇനി ബംഗളൂരുവിലേക്ക് വണ്ടി കയറണ്ട. രുചിയും രൂപവും ഒട്ടും ചോരാതെ ബട്ടർ ഗുൽഖന്ദ് നമ്മുടെ നാട്ടിൽതന്നെ ആസ്വദിക്കാം. മധുര പ്രിയർക്കിടയിലും ഫുഡ് വ്ലോഗേഴ്‌സിനിടയിലും ട്രെൻഡായ ബംഗളൂരുവിന്റെ സ്ട്രീറ്റ് ഫുഡ് ഡെസേർട്ട് (മധുര വിഭവം) ‘ബട്ടർ ഗുൽഖന്ദ്’ ആണ് ഇപ്പോൾ കോട്ടക്കൽ, മഞ്ചേരി ഉൾപ്പെടെയുള്ള നഗരങ്ങളിലും ഹിറ്റായിരിക്കുന്നത്. പനിനീർ ഇതളുകൾ പഞ്ചസാരയോ തേനോ ചേർത്ത് കുറുക്കിയുണ്ടാക്കുന്ന പരമ്പരാഗത ‘ഗുൽഖന്ദും' വെണ്ണയും ചേർത്താണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ ചെറുപഴവും ഗുലാബ് ജാമുനും ചേർത്താണ് ബട്ടർ ഗുൽഖന്ദ് തയ്യാറാക്കുന്നത്. 130 രൂപയാണ് വില. വെണ്ണയും ഗുൽഖന്ദും ചേർത്ത മിശ്രിതത്തോടൊപ്പം ചെറുപഴവും വാനില ഐസ് ക്രീമും ചേർത്തുള്ള ബട്ടർ ഗുൽഖന്ദ് ത്രിവേണി, മാമ്പഴം, ആപ്പിൾ, മാതളനാരങ്ങ തുടങ്ങിയ ഫ്രഷ് ഫ്രൂട്ട്സ് ചേർത്തുള്ള ഫ്രൂട്ട് ബട്ടർ ഗുൽഖന്ദ്, സോഫ്റ്റ് ബണ്ണിനുള്ളിൽ വെണ്ണയും ഗുൽഖന്ദും ജാമും തേച്ചുണ്ടാക്കുന്ന ബൺ ബട്ടർ ഗുൽഖന്ദ് എന്നിവയാണ് ഇൗ മധുര വിഭവത്തിന്റെ വൈവിധ്യങ്ങൾ. പേർഷ്യൻ ഭാഷയിലെ ‘ഗുൽ' (പൂവ്), അറബിക് ഭാഷയിലെ ‘ഖന്ദ്' (മധുരം) വാക്കുകൾ ചേർന്നാണ് ‘ഗുൽഖന്ദ്' എന്ന പേരുണ്ടായത്. പരമ്പരാഗത മധുര പലഹാരമായ ഗുൽഖന്ദ് ആയുർവേദത്തിൽ മികച്ച ഔഷധവുമാണ്. ഇൻഡോ-– പേർഷ്യൻ സംസ്‌കാരത്തിൽനിന്നാണ് ഗുൽഖന്ദ് വിഭവത്തിന്റെ ഉത്ഭവം. ഡമാസ്ക് റോസ് ഇതളുകളും കൽക്കണ്ടവും ഒന്നിടവിട്ട പാളികളായി ആഴ്ചകളോളം വെയിലത്തുവച്ച് സ്വാഭാവികമായി പാകംചെയ്താണ് പരമ്പരാഗത ഗുൽഖന്ദ് നിർമിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.









0 comments