ഓണച്ചിരി മായാത്ത നെയ്‌ത്തുപെരുമയുമായി ചന്ദ്രിക

ഓണത്തിനുള്ള മഞ്ഞക്കോടികള്‍ നെയ്യുന്ന ചന്ദ്രിക
അഖിലേഷ് ആനാവൂർ
Published on Aug 25, 2026, 10:38 PM | 1 min read
വെള്ളറട
വാർധക്യത്തിന്റെ അവശതകളേതുമില്ലാതെ ഐശ്വര്യത്തിന്റെ മഞ്ഞക്കോടികൾ നെയ്‌തെടുക്കുകയാണ് വെള്ളറട മതിലകത്തുവീട്ടിൽ ചന്ദ്രിക. 72–ാം വയസ്സിലും ആ കൈകളിലൂടെ തറിയുടെ ഓടം ചലിക്കുന്നത് കാണേണ്ട കാഴ്‌ചതന്നെ. നെയ്‌ത്തുജോലി അരനൂറ്റാണ്ടിലേറെയായി ജീവശ്വാസമായി കൊണ്ടുനടക്കുന്ന ചന്ദ്രിക ഒരു നാടിന്റെ പ്രതീകംകൂടിയാണ്. വെള്ളറടയിലെയും പരിസരങ്ങളിലെയും തറികൾ ഓണക്കാലത്തിന് മാസങ്ങൾക്കുമുമ്പേ സജീവമാകും. തറിയിൽ നെയ്‌തെടുത്ത മഞ്ഞക്കോടികൾക്ക് ഓണച്ചന്തകളിൽ ആവശ്യക്കാരേറെയാണ്. ചന്ദ്രികയും സഹായികളും ചേർന്ന് ദിവസം 60 കോടികൾ വരെയാണ് നെയ്തെടുക്കുന്നത്. എന്നാൽ, കഠിനമായ അധ്വാനത്തിന് കൂലി തുച്ഛമാണ്. തൊഴിലുറപ്പ് ജോലിക്ക് മികച്ച വേതനം ലഭിക്കുന്നതിനാൽ പുതിയ തൊഴിലാളികളെ കിട്ടാനും പ്രയാസമാണെന്ന് ചന്ദ്രിക പറയുന്നു. എങ്കിലും പരമ്പരാഗതമായി തുടരുന്ന തൊഴിലിനോടുള്ള ആത്മാർഥതകൊണ്ടുമാത്രം ചന്ദ്രിക ഇത്തവണയും 1200ഓളം മഞ്ഞക്കോടികളാണ് നെയ്തുതീർത്തത്. ഓണക്കാലം കഴിഞ്ഞാൽ തോർത്തുമുണ്ടുകളുടെ നിർമാണത്തിലേക്ക് മാറും. മഞ്ഞക്കോടിയുടെ നിർമാണത്തിന് ഏറെ അധ്വാനവും ക്ഷമയും ആവശ്യമാണ്. വെള്ളനൂൽ ഒരുദിവസം മുഴുവൻ ചവിട്ടി നനച്ചശേഷം പിറ്റേന്ന് മഞ്ഞൾപ്പൊടിയും പശയും ചേർത്ത മിശ്രിതത്തിൽ മുക്കിവയ്ക്കും. അടുത്തദിവസം ഇത് താറാക്കി, റാട്ടിൽ ഓടിച്ച് പാവാക്കി മാറ്റും. ഈ പാവ് നിവർത്തിക്കെട്ടി എണ്ണയിൽ മുക്കി തണലത്ത് ഉണക്കിയെടുത്തശേഷമാണ് റോളിൽ ചുറ്റി തറിയിലേക്ക് കയറ്റുന്നത്. ഉൗടിനും പാവിനും ഒരേ നൂൽതന്നെയാണ് ഉപയോഗിക്കുന്നത്. കൈത്തറി വസ്ത്രങ്ങളുടെ ‘പൊന്നാട' എന്നറിയപ്പെടുന്ന മഞ്ഞക്കോടി തിരുവോണനാളിൽ നിലവിളക്കിനൊപ്പവും പൂക്കളത്തിനരികിലും അണിയിക്കുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കരുതപ്പെടുന്നത്. പുതിയ വാഹനങ്ങളിലും കുഞ്ഞുങ്ങളുടെ ഉടുപ്പുകളിലുമെല്ലാം മഞ്ഞക്കോടി നിത്യസാന്നിധ്യമാണ്. യന്ത്രത്തറികളുടെ കടന്നുകയറ്റത്തിനിടയിലും പാരമ്പര്യത്തിന്റെ തനിമചോരാതെ സൂക്ഷിക്കുന്ന ചന്ദ്രിക, നാടിന്റെ നെയ്‌ത്തുപെരുമയുടെ പ്രതീകമാണ്.










0 comments