സംസ്ഥാനപാതയിൽ വെള്ളക്കെട്ട്; അനങ്ങാതെ കെഎസ്ടിപി

കാരേറ്റ് ജങ്ഷനിലെ വെള്ളക്കെട്ട്

സ്വന്തം ലേഖകൻ
Published on Aug 03, 2026, 12:00 AM | 1 min read
കിളിമാനൂര്‍
ചാറ്റല്‍മഴയില്‍പ്പോലും വെള്ളക്കെട്ടായി സംസ്ഥാനപാതയിലെ കാരേറ്റ് ജങ്ഷൻ. സിഗ്നലിന് സമീപം ദിവസങ്ങളോളം വെള്ളം കെട്ടിക്കിടക്കും. കാൽനടയാത്രപോലും ബുദ്ധിമുട്ടാകുന്നു. ജനപ്രതിനിധികള്‍ കെഎസ്ടിപി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. നിത്യേന നിരവധിയാളുകള്‍ വന്നുപോകുന്നതാണ് കാരേറ്റ് ജങ്ഷന്‍. നടപ്പാതയിലൂടെ പോകുമ്പോള്‍ വേഗത്തില്‍ പോകുന്ന വണ്ടികള്‍ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുന്നത് പതിവാണ്. സിഗ്നലുള്ളതിനാല്‍ ചുവപ്പ് തെളിയുംമുന്പ് കവല കടക്കാന്‍ വേഗത്തിലാണ് വണ്ടികൾ പോകുക. ചെളിവെള്ളം തെറിക്കുന്നത് കച്ചവടക്കാരെയും വലയ്ക്കുന്നു. റോഡിനും നടപ്പാതയ്ക്കുമിടയിലുള്ള ഇരുമ്പുവേലിയില്‍ ഷീറ്റ് കെട്ടി മറച്ച് താൽക്കാലിക പരിഹാരം കാണുകയാണിവർ. വെള്ളവും ചെളിയും കെട്ടിനിൽക്കുന്ന ഭാഗത്ത് ഇരുചക്ര വാഹനങ്ങള്‍ തെന്നിവീഴുന്നതും പതിവായി. അശാസ്ത്രീയമായി ഓടനിര്‍മിച്ചതും റീടാറിങ്ങില്‍ റോഡ് ഉയര്‍ന്നതോടെ വെള്ളം താഴ്ന്നുപോകാത്തതുമാണ് വെള്ളക്കെട്ടുണ്ടാക്കുന്നത്. ഓടകളിലെ മണ്ണും മാലിന്യവും യഥാസമയം നീക്കി ഒഴുക്ക് സുഗമമാക്കാനും നടപടികളില്ല. നിര്‍മാണക്കമ്പനിയുടെ കരാര്‍ കാലാവധി കഴിഞ്ഞെന്നാണ് അധികൃതര്‍ പറയുന്നത്. അടിയന്തര പ്രശ്‌നങ്ങളുള്ള ഭാഗങ്ങളില്‍ പരിഹാരം കാണാന്‍ കെഎസ്ടിപിക്ക് നിര്‍ദേശം നൽകാമെന്ന ഉറപ്പ് മാത്രമാണ് അധികൃതര്‍ നൽകുന്നത്. ഒ എസ് അംബിക എംഎല്‍എ കെഎസ്ടിപി അധികൃതരുമായി ചര്‍ച്ച നടത്തി. അടിയന്തരമായി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് സിബി ആര്‍ അഷ്റഫ് അറിയിച്ചു.










0 comments