മാറികയിൽ വീണ്ടും ഗുണ്ട ആക്രമണം; ഒരാൾക്ക് പരിക്ക്

ആക്രമണത്തിൽ പരിക്കേറ്റ രാജീവ്
കൂത്താട്ടുകുളം
മാറികയിൽ ഗുണ്ടാ ആക്രമണത്തിൽ സാരമായി പരിക്കേറ്റ മാറിക പതിക്കൽ രാജീവ് (43)നെ കൂത്താട്ടുകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനി രാത്രി 8.15ന് മാറിക കവലയിലെ കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെയാണ് അക്രമിക്കപ്പെട്ടത്. മാറിക കുരിശിങ്കൽ ഷാജു ജേക്കബ്, ജിയോ മാത്യു, ജെസ് മോൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് രാജീവ് പൊലീസിന് മൊഴി നൽകി.
കടയിൽ നിന്നിറങ്ങി വാഹനത്തിൽ കയറാൻ ശ്രമിക്കവെ ജാതിപ്പേര് വിളിച്ചു.തിരിഞ്ഞു നോക്കുന്നതിനിടെ ജിയോ മാത്യു തലക്ക് പുറകിൽ കൈ കൊണ്ട് അടിച്ചു. ഷാജു ജേക്കബ് മൂർച്ചയുള്ള ആയുധം കൊണ്ട് താടിയിൽ മുറിവേൽപ്പിച്ചു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി കൊന്നുകളയുമെന്ന് ഷാജുവും സംഘവും ഭീഷണിപ്പെടുത്തിയതായും രാജീവ് പറഞ്ഞു.
മാറിക കവലയിലെ ഒരു കെട്ടിടത്തിന്റെ ഒന്നാംനില ക്രിമിനൽ സംഘത്തിന്റെ താവളമായി മാറിയെന്ന് നാട്ടുകാർ പറഞ്ഞു. രാത്രി വളരെ വൈകിയും മദ്യപാനവും ചീട്ടുകളിയും നടക്കുന്നു. ഒന്നര മാസം മുമ്പ് മാറിക നടയ്ക്കൽ പുത്തൻപുര ബിജുമോൻ ആന്റ്‌ണിക്ക് മർദനമേറ്റിരുന്നു. സിപിഐ എം ലോക്കൽ സെക്രട്ടറിയെ അക്രമിച്ചതുൾപ്പെടെ വിവിധ അക്രമങ്ങളിൽ പ്രതിയായ സുരേഷ് കണ്ണനാണ് ബിജു മോനെയും അക്രമിച്ചത്. ഒന്നര മാസം മുമ്പ് പാലക്കുഴ കുളിരാങ്കൽതാഴം ഭാഗത്ത് കരോട്ട്പുത്തൻപുരയിൽ വീട്ടിൽ അയ്യപ്പൻ ഗോപാലനെ (76) അക്രമിച്ചു പരുക്കേൽപ്പിച്ചു. സംഭവത്തിൽ പാലക്കുഴ പഴുക്കാനിയിൽ എൽദോസ് (34) മാറിക അരിശ്ശേരിക്കര അമൽ (35) എന്നിവരെ പിടികൂടിയിരുന്നു. കൂത്താട്ടുകുളം ബാറിലുണ്ടായ തർക്കത്തിനിടെ എയർ ഗൺ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിലും ഇരുവരും പ്രതികളാണ്.
പ്രതികളെ പിടികൂടണം സിപിഐ എം
പാലക്കുഴ പഞ്ചായത്തിലും പ്രത്യേകിച്ച് മാറികയിലും നിരന്തരം അക്രമം അഴിച്ചുവിടുന്ന സംഘത്തെ അമർച്ച ചെയ്യാൻ പൊലീസ് തയ്യാറാകണമെന്ന് സിപിഐ എം പാലക്കുഴ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ജാതിപ്പേര് വിളിച്ച് അധിഷേപം നേരിട്ട ശേഷമാണ് രാജീവ് ക്രൂര മർദനത്തിനിരയായത്. ശരിയായ വകുപ്പ് ഉപയോഗിച്ച് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണമെന്നും സിപിഐ എം ലോക്കൽ സെക്രട്ടറി ജോഷി സ്കറിയ ആവശ്യപ്പെട്ടു.










0 comments