ad
Deshabhimani

ബോയിംഗ് 737 വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ തകരാര്‍; രാജ്യത്ത് സര്‍വീസ് നടത്തുന്ന 96 വിമാനങ്ങൾ ആശങ്ക പട്ടികയിൽ

Boeing 737 MAX
വെബ് ഡെസ്ക്

Published on Sep 28, 2026, 10:50 AM | 1 min read

ന്യൂഡൽഹി:ബോയിംഗ് 737 മാക്സ് വിമാനങ്ങളിൽ ഓട്ടോപൈലറ്റ് വിഭാഗവുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ തകരാറുകൾ റിപ്പോര്‍ട് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസഞ്ചാര മേഖലയിലും ആശങ്ക. ഓട്ടോമേറ്റഡ് ഫ്ളൈറ്റ് ഗൈഡൻസ് സിസ്റ്റത്തിലാണ് വ്യാപകമായി പ്രശ്നം റിപ്പോര്‍ട് ചെയ്തത്.


എയര്‍ ഇന്ത്യ എക്സ്പ്രസ്, ആകാശ എയര്‍ എന്നീ കമ്പനികളുടെ 96 വിമാനങ്ങളെ ഇത് ബാധിച്ചേക്കും. തകരാര്‍ പരിഹരിക്കാൻ സ്ഥിരമായ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് തയാറാക്കിക്കൊണ്ടിരിക്കയാണ് എന്നാണ് ബോയിങ്ങിന്റെ പ്രതികരണം. എയർ ഇന്ത്യ എക്സ്പ്രസിന് 53-ഉം ആകാശ എയറിന് 43 ഉം ബോയിംഗ് 737 മാക്സ് വിമാനങ്ങളുമാണുള്ളത്. ഇവ ഇപ്പോഴും സര്‍വീസ് നടത്തുന്നു.


ലാൻഡിങ് വേളയിൽ വിമാനം എന്തെങ്കിലും കാരണത്താൽ വീണ്ടും ഉയര്‍ന്ന് പൊങ്ങി (Missed Approach) പുതിയ റൂട്ടിലേക്ക് മാറുമ്പോൾ ഓട്ടോ പൈലറ്റ് സംവിധാനം താനെ വിഛേദിക്കപ്പെടുന്നതാണ് ഭീഷണി. കോക്പിറ്റുമായി ബന്ധപ്പെട്ട അപഡേറ്റിലാണ് ഈ പ്രശ്നം കടന്നു കൂടിയത് എന്നാണ് വിശദീകരണം.


തകരാർ വിമാനത്തിന്റെ പൂർണ്ണ നിയന്ത്രണത്തെ ബാധിക്കില്ലെന്നും പൈലറ്റുമാർക്ക് വിമാനം മാനുവലായി സുരക്ഷിതമായി പറത്താനാകുമെന്നും അധികൃതർ അവകാശപ്പെടുന്നു.


എന്നാൽ വ്യോമയാന മന്ത്രാലയമോ വ്യോമയാന ഡയറക്ടറേറ്റ് ജനറലോ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. 2025 ജൂണിൽ അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ അപകടത്തിന് ശേഷം ഇത്തരം കാര്യങ്ങളിൽ കര്‍ശന നിരീക്ഷണത്തിനും ഉറപ്പു വരുത്തലുകൾക്കും നിര്‍ദ്ദേശം ഉണ്ടായിരുന്നതാണ്.


ഈ വർഷം ഫെബ്രുവരിയിൽ ലണ്ടൻ-ബെംഗളൂരു എയർ ഇന്ത്യ വിമാനത്തിന്റെ ഫ്യുവൽ-കൺട്രോൾ സ്വിച്ച് ലോക്കിംഗ് സംവിധാനത്തിൽ സംശയം ഉണ്ടായതിനെ തുടർന്ന് വിമാനം നിലത്തിറക്കി പരിശോധിച്ചിരുന്നു.


ലോകമെമ്പാടുമായി 2,400-ലധികം 737 മാക്സ് വിമാനങ്ങളാണ് ബോയിംഗ് ഇതുവരെ കൈമാറിയിട്ടുള്ളത്. ഇവയെല്ലാം ആശങ്കയുടെ നിഴലിലാണ്. 2018 ൽ ഇന്തോനേഷ്യയിൽ ലയൺ എയര്‍ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ച ദുരന്തം ഉണ്ടായി. അന്ന് മാക്സ് 737 വിമാനങ്ങൾ ലോക വ്യാപകമായി നിരോധിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home