വെങ്കിടങ്ങിൽ തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി ചത്തു; നാല് പശുക്കൾക്കും വീട്ടുകാർക്കും പൊള്ളലേറ്റു

തൃശ്ശൂർ: തൃശ്ശൂർ വെങ്കിടങ്ങ് മനക്കകടവിൽ തൊഴുത്തിന് തീപിടിച്ച് പശുക്കുട്ടി വെന്തുചത്തു. അപ്പനാത്ത് സുരേന്ദ്രന്റെ വീട്ടിലെ ഓലമേഞ്ഞ തൊഴുത്തിലാണ് ഞായറാഴ്ച രാത്രിയോടെ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. അപകടത്തിൽ മാരകമായി പൊള്ളലേറ്റാണ് പശുക്കുട്ടി ചത്തത്.
തൊഴുത്തിലുണ്ടായിരുന്ന മറ്റ് നാല് പശുക്കൾക്കും പൊള്ളലേറ്റു. ആളിപ്പടർന്ന തീ അണയ്ക്കാനും പശുക്കളെ രക്ഷപ്പെടുത്താനും ശ്രമിക്കുന്നതിനിടെ സുരേന്ദ്രനും മകനും പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ഫയർഫോഴ്സ് യൂണിറ്റാണ് തീ പൂർണ്ണമായി അണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് വാർഡ് മെമ്പറും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് പാവറട്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.









0 comments