ad
Deshabhimani

എൽപിയുവിന്റെ നിഷേധ വീഡിയോ: ‘പറയേണ്ടത് അധികൃതർ പറഞ്ഞുതന്നു’; പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥിനികൾ

punjab lpu protest
വെബ് ഡെസ്ക്

Published on Sep 28, 2026, 11:06 AM | 1 min read

ചണ്ഡീ​ഗഡ് : പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് അധികൃതർ പുറത്തുവിട്ട വീഡിയോയിൽ പുതിയ വെളിപ്പെടുത്തലുമായി വിദ്യാർഥികൾ. എന്തുപറയണമെന്ന് അധികൃതർ തങ്ങളോട് നിർദേശിച്ചിരുന്നതായും വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം അധികൃതരുടെ നിർദേശാനുസരണമാണെന്നും പറഞ്ഞ് അധികൃതർ പുറത്തുവിട്ട വീഡിയോയിലുള്ള വിദ്യാർഥിനികളാണ് രം​ഗത്തെത്തിയത്. തങ്ങളെ ബോധപൂർവം പ്രശ്നങ്ങളിലേക്ക് വലിച്ചിഴച്ചുവെന്നും അനുവാദമില്ലാതെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും വിദ്യാർഥിനികൾ പറയുന്നു.


റൂം നമ്പർ 504ൽ താമസിക്കുന്ന മൂന്ന് വിദ്യാർഥിനികളാണെന്നു പറഞ്ഞാണ് സർവകലാശാല വീഡിയോ പുറത്തുവിട്ടത്. വിദ്യാർഥികൾ പറയുന്ന സംഭവങ്ങൾ ക്യാമ്പസിലുണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നുമാണ് വിദ്യാർഥിനികൾ പറയുന്നത്. പുതിയ വീഡിയോയിൽ തങ്ങൾക്ക് ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നും 504ാം മുറിയിലല്ല തങ്ങൾ താമസിക്കുന്നതെന്നും വിദ്യാർഥിനികൾ പറയുന്നു.


വിദ്യാർഥിനിയെ ക്യാമ്പസിൽ ജോലിക്കെത്തിയ തൊഴിലാളി ലൈം​ഗികമായി ഉപദ്രവിച്ചെന്ന വിവരം പുറത്തറിഞ്ഞതോടെയാണ് സർവകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചത്. ലൈംഗികാതിക്രമത്തിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരം ശക്തമായതോടെ പത്ത് ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെച്ചു. സെപ്തംബർ 28 മുതൽ പത്ത് ദിവസത്തേക്ക് റെഗുലർ ക്ലാസുകൾ ഉണ്ടാകില്ലെന്നും മിഡ് ടേം പരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചതായും സർവകലാശാല അധികൃതർ അറിയിച്ചു.


ക്യാമ്പസ് ഹോസ്റ്റലിൽ വെച്ച് വിദ്യാർഥിനി നേരിട്ട അതിക്രമത്തിന് പിന്നാലെ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സംഭവം ഒതുക്കിതീർക്കാനും വിദ്യാർഥിനിയെ വീട്ടിലേക്കയക്കാനുമാണ് അധികൃതർ ശ്രമിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു. ലൈംഗികാതിക്രമത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായ വിദ്യാർഥിനി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതോടെയാണ് എസ്‌എഫ്‌ഐയുടെയും വിദ്യാർഥി യൂണിയന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾ തെരുവിലിറങ്ങുകയും ജലന്ധർ-ഫഗ്‌വാര ദേശീയപാത ഉപരോധിക്കുകയും ചെയ്തത്. പ്രതിഷേധം ക്യാമ്പസിന് പുറത്തേക്ക് പടർന്നതോടെയാണ് വിദ്യാർഥികളോട് സ്വന്തം നാട്ടിലേക്ക് പോകാൻ നിർദേശിച്ച് 10 ദിവസത്തെ അവധി അധികൃതർ പ്രഖ്യാപിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home